ആലപ്പുഴ: കായംകുളത്തെ വ്യാജ ഡിഗ്രി വിവാദത്തിൽ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്‍റെ അച്ഛനെയും സഹോദരങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്. കായംകുളം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് നിഖിലിന്‍റെ അടുത്ത ബന്ധുക്കളെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് ഇവരെ വിട്ടയച്ചത്.
അതേസമയം, വ്യാജ ഡിഗ്രി കേസിലെ പ്രത്യേക അന്വേഷണ സംഘത്തെ മൂന്ന് സി.ഐമാരെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. ഹരിപ്പാട്, തൃക്കുന്നപ്പുഴ, കായംകുളം സ്റ്റേഷനിലെ സി.ഐമാരെയാണ് ഉൾപ്പെടുത്തിയത്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ കഴിയുന്ന നേതാവ് നിഖിൽ തോമസിനെ സി.പി.എമ്മിൽ നിന്നും എസ്.എഫ്.ഐയിൽ നിന്നും പുറത്താക്കിയിരുന്നു. ബി.കോം ജയിക്കാതെ കലിംഗ യൂനിവേഴ്സിറ്റിയുടേതെന്ന് അവകാശപ്പെട്ട് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ നിഖിൽ കായംകുളം എം.എസ്.എം കോളജിൽ എം.കോമിന് ചേർന്നത് എന്ന് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ഒളിവിൽപോയ നിഖിലിനെ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാല വി.സിയും കലിംഗ സർവകലാശാല രജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.
അനധികൃത പഠന കാലയളവായ 2019ൽ എം.എസ്.എമ്മിലെ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറും 2020ൽ സർവകലാശാല യൂനിയൻ ജോയന്റ് സെക്രട്ടറിയുമായും നിഖിൽ പ്രവർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.