ന്യൂഡൽഹി: നിലമ്പൂര്‍ കോൺഗ്രസ് ഓഫിസിലെ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ട കേരള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ ബിജു നായർ, ഷംസുദ്ദീൻ എന്നിവർക്കാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.
ഹൈകോടതി വിധി റദ്ദാക്കി പ്രതികൾക്ക് ശിക്ഷ നൽകണമെന്ന് കേരള സർക്കാർ ബോധിപ്പിച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.2014 ഫെബ്രുവരി അഞ്ചിനാണ് രാധയെ കാണാതായത്. പിന്നീട് കൊലപ്പെടുത്തിയ നിലയിൽ ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തി. അന്നുതന്നെ പ്രതികൾ പിടിയിലായി.
രഹസ്യബന്ധങ്ങള്‍ പുറത്തുപറയുമെന്ന രാധയുടെ ഭീഷണിയില്‍ ഭയന്ന ബിജു സുഹൃത്ത് ഷംസുദ്ദീന്റെ സഹായത്തോടെ രാധയെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയെന്നാണ് കേസ്. എന്നാൽ, ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.