നീലേശ്വരം: എൽ.ഡി.എഫ് ആദ്യ മന്ത്രിസഭയിലെ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയിൽ ഇതേ വകുപ്പ് മന്ത്രിയായതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നീലേശ്വരം നഗരസഭ അധികൃതർ. നഗരസഭയുടെ സ്വപ്നപദ്ധതിയായ നീലേശ്വരം പൈതൃക മ്യൂസിയം യാഥാർഥ്യമാകുമെന്ന കണക്കുകൂട്ടലിലാണ് നഗരസഭ അധികൃതർ. മ്യൂസിയം സ്ഥാപിക്കുമെന്ന് വാഗ്ദാനം പറഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞു.
നീലേശ്വരം രാജവംശത്തിന്റെ കീഴിലുള്ള പഴയ ലാൻഡ് ട്രൈബ്യൂണൽ പ്രവർത്തിച്ച കൊട്ടാരസാദൃശ്യമുള്ള കെട്ടിടം ഇതിനായി കണ്ടെത്തിയിരുന്നു. നീലേശ്വരം രാജകുടുംബാംഗവുമായി 2015-2020 വർഷം നഗരസഭ ചെയർമാനും റിട്ട. കോളജ് ചരിത്രാധ്യാപകനുമായിരുന്ന കെ.പി. ജയരാജൻ ചർച്ച നടത്തി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. തുടർന്ന് ആദ്യ എൽ.ഡി.എഫ് മന്ത്രിസഭയിൽ പുരാവസ്തു മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവി നീലേശ്വരത്തെത്തി കെട്ടിടം പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ തുടർനടപടികൾ എങ്ങുമെത്താതെ പോയി. രണ്ടാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ വകുപ്പു കൈകാര്യം ചെയ്ത മന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലവും കെട്ടിടവും സന്ദർശിച്ച് പ്രതീക്ഷ നൽകിയിരുന്നു. എം. രാജഗോപാലൻ എം.എൽ.എ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയും സന്ദർശക സംഘത്തിലുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും പുരാവസ്തു വകുപ്പ് മന്ത്രിയായി രാമചന്ദ്രൻ കടന്നപ്പള്ളി സ്ഥാനമേറ്റതോടെ നീലേശ്വരത്തെ ചരിത്ര പൈതൃക മ്യൂസിയമെന്ന സ്വപ്ന പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷ തളിർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.