മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ നിപ കണ്‍ട്രോള്‍ റൂം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കുന്നു

നിപ: നാല് സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന്, എന്‍.ഐ.വിയിൽ നിന്ന് മൊബൈല്‍ പരിശോധനാ ലാബ് മലപ്പുറത്തെത്തും

മലപ്പുറം: ജില്ലയില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 246 ആയതായും ഇവരില്‍ 63 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട, മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍.ഐ.വി) നിന്നുള്ള മൊബൈല്‍ പരിശോധനാ ലാബ് ഞായറാഴ്ച ജില്ലയിലെത്തും. കോഴിക്കോട് മെഡിക്കല്‍ കോളജിലും തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ പരിശോധനയ്ക്ക് സംവിധാനമുണ്ടെങ്കിലും സ്ഥിരീകരണത്തിന് എന്‍.ഐ.വിയുടെ പരിശോധന ആവശ്യമാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പികളും പരിശോധിക്കും. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് എടുക്കുക.

പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങും

നിപ സ്ഥിരീകരിച്ച പഞ്ചായത്തിനു സമീപമുള്ള വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. നിലവില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളില്‍ വീടുകൾ കയറി സര്‍വ്വെ നടത്തും.

പാണ്ടിക്കാട് 16,711 വീടുകളും ആനക്കയത്ത് 16,248 വീടുകളുമാണ് ഉള്ളത്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് സര്‍വെ നടത്തുക. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി ഫോൺകാളുകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ള ഒരാളും വിട്ടുപോകാതിരിക്കാനായി മരിച്ച കുട്ടി ആദ്യം ചികിത്സ തേടിയിരുന്ന പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - NIPA: Test result of four samples today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.