പേരാമ്പ്ര: ‘അടുത്ത പരിചയക്കാർപോലും കണ്ടാൽ മിണ്ടുന്നില്ല. എവിടേയും കടുത്ത അവഗണന. ഞങ്ങളെന്ത് തെറ്റാണ് ചെയ്തത്, ജീവൻ പണയം വെച്ച് രോഗികളെ ശുശ്രൂഷിച്ചതോ? ഇതിലും ഭേദം മരിക്കുന്നതായിരുന്നു’ പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സുമാർ ഇക്കാര്യം പറയുന്നത് നെഞ്ചുപൊട്ടിയാണ്. നിപ വൈറസ് ബാധിച്ച് ഈ ആശുപത്രിയിലെ നഴ്സ് മരിച്ചതോടെയാണ് സഹപ്രവർത്തകരെ പൊതുസമൂഹത്തിലെ ചിലരെങ്കിലും ഒറ്റപ്പെടുത്തുന്നത്. ചില ബസ് ജീവനക്കാരും ടാക്സിക്കാരും ക്രൂരമായ വാക്കുകൾകൊണ്ട് കുത്തിനോവിക്കുന്നതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ചൊവ്വാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് പേരാമ്പ്രയിൽനിന്ന് ബസ് കയറിയ നഴ്സിനുണ്ടായ ദുരനുഭവം ജീവനക്കാർ ഫേസ് ബുക്ക് ലൈവിലൂടെയാണ് പങ്കുവെച്ചത്. ബസിൽ ഇവരിരിക്കുന്ന സീറ്റിൽ ഒരാൾ ഇരിക്കാൻ നോക്കുമ്പോൾ കണ്ടക്ടർ വിലക്കുകയായിരുന്നു. ‘താലൂക്കാശുപത്രിയിലെ നഴ്സ് ഇരുന്ന സീറ്റാണ്, അവിടെ ഇരിക്കേണ്ട’യെന്നായിരുന്നു കണ്ടക്ടറുടെ നിർദേശമത്രെ. കക്കട്ടിലുള്ള ഒരു നഴ്സ് ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പൊതുവാഹനമായ ജീപ്പിൽ വരുമ്പോൾ ഇരുന്ന സീറ്റിലും പിന്നീട് ആരും ഇരുന്നില്ല.
പേരാമ്പ്രയിലെ ചില ഓട്ടോക്കാർ വാഹനത്തിൽ കയറ്റാൻ വിസമ്മതിക്കുന്നതായും ഇവർ വേദനയോടെ പരാതിപ്പെടുന്നു. സഹപ്രവർത്തക ലിനി വിട്ടുപിരിഞ്ഞ നൊമ്പരം കടിച്ചമർത്തി, ഏറെ ആശങ്കയോടെ ജോലിക്കെത്തുന്ന ഇവരെ ആശ്വസിപ്പിക്കേണ്ടതിനു പകരം അപമാനിക്കുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. ഭൂരിഭാഗം നഴ്സുമാരും ലീവെടുക്കാതെയാണ് ആശുപത്രിയിലെത്തി കർമനിരതരാവുന്നത്. പേരാമ്പ്രയിൽ പൊതുജനാരോഗ്യ പ്രവർത്തകർക്കായി നടത്തുന്ന അവബോധ-പരിശീലന പരിപാടികളിലെല്ലാം ഇത്തരം പരാതികളുയരുന്നുണ്ട്. തങ്ങൾക്കുണ്ടാവുന്ന കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും ചൂണ്ടിക്കാണിച്ച് താലൂക്കാശുപത്രിയിലെ ജീവനക്കാർ ഡി.എം.ഒക്ക് പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ പേരാമ്പ്രയിലേക്ക് അയച്ചിട്ടുണ്ട്.
വനിതാ കമീഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: നിപ വൈറസ് ബാധിച്ചവരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റിനിർത്തുന്ന നാട്ടുകാരിൽ ചിലരുടെ സമീപനം സംബന്ധിച്ച് വനിതാ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇത്തരം സമീപനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ ബോധവത്കരണം ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്ന് വനിതാ കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും കത്തയച്ചു.
ഓട്ടോറിക്ഷാ ൈഡ്രവർമാർക്കും ബസ് ൈഡ്രവർമാർക്കുമിടയിൽ പൊലീസിെൻറയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ ശക്തമായ സന്ദേശം പ്രചരിപ്പിക്കണമെന്നും എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.