മലപ്പുറത്ത് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

മലപ്പുറം: വണ്ടൂരിൽ നിപ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 175 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്.

ബെം​ഗളൂരുവിൽ നിന്നെത്തിയ ശേഷം നാലാം തിയതി വീട്ടിൽവച്ചാണ് യുവാവിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ‌അഞ്ചാം തിയതി വീട്ടിൽ തുടർന്നു. ആറാം തീയതി സ്വന്തം കാറിൽ വീടിനു സമീപത്തെ ഫാസിൽ ക്ലിനിക്കിൽ എത്തി. 11.30 മുതൽ 12 മണി വരെ ഇവിടെ തുടർന്നു.

‌പിന്നീട് സ്വന്തം കാറിൽ വീട്ടിലേക്ക് പോവുകയും വൈകുന്നേരം ബാബു പാരമ്പര്യ വൈദ്യശാലയിലെത്തുകയും ചെയ്തു. 7.30 മുതൽ 7.45 വരെ ഇവിടെ തുടർന്നു. പിന്നീട് ജെ.എം.സി ക്ലിനിക്കിൽ എത്തി. 8.18 മുതൽ 10.30 വരെ ഇവിടെയായിരുന്നു. പിന്നീട് സ്വന്തം കാറിൽ വീട്ടിലേക്ക് തിരിച്ചു.

 

ഏഴാം തീയതി രാവിലെ വീട്ടിൽനിന്ന് ഓട്ടോയിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി. 9.20 മുതൽ 9.30 വരെ ഇവിടെ തുടർന്നു. തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക്. വൈകുന്നേരം നിംസ് എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി 7.45 മുതൽ 8.24 വരെ ഇവിടെ ചികിത്സയിൽ.

രാത്രി 8.25 മുതൽ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഒരുമണിവരെ നിംസ് ഐ.സി.യുവിൽ. എട്ടാം തിയതി ഉച്ചയ്ക്ക് 1.25ഓടെ എം.ഇ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2.06 മുതൽ 3.55 വരെ എം.ഇ.എസ് എമർജൻസി വിഭാഗത്തിൽ. 3.59 മുതൽ 5.25 വരെ എം.ആർ.ഐ റൂമിൽ. തുടർന്ന് 5.35 മുതൽ ആറ് മണി വരെ വീണ്ടും എമർജൻസി വിഭാഗത്തിലേക്ക്.

6.10 മുതൽ രാത്രി 12.50 വരെ എം.ഐ.സി യൂണിറ്റ് 1ൽ. ഒമ്പതാം തിയതി പുലർച്ചെ ഒരു മണി മുതൽ രാവിലെ 8.46 വരെ എം.ഐ.സിയു യൂണിറ്റ് 2ലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെ അന്നു രാവിലെയാണ് യുവാവ് മരിക്കുന്നത്.

ഇതിനിടെ, നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലാബിലാണ് പരിശോധന നടക്കുന്നത്. ചെറിയ രീതിയിൽ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് എടുത്തത്.

നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്തു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല.

സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുന്നത് വിലക്കിയിട്ടുണ്ട്. അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.

നിപ കൺട്രോൾ സെൽ നമ്പറുകൾ: 0483 2732010, 0483 2732060. 

Tags:    
News Summary - Nipah death route map published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.