തിരുവനന്തപുരം: നിയമസഭയിൽ മുഖാവരണവും ൈകയുറയും ധരിച്ച് പാറയ്ക്കൽ അബ്ദുല്ല, പരിഹാസ്യമെന്ന് മുഖ്യമന്ത്രിയും ആേരാഗ്യമന്ത്രിയും, ചോദ്യോത്തരവേളയുടെ സമാപനത്തിൽ സഭയിൽ ബഹളവും വാക്കേറ്റവും. ചോദ്യോത്തര േവള പകുതി പിന്നിട്ടപ്പോഴാണ് നിപ മേഖലയിലേതിനു സമാനമായി മാസ്കും ൈകയുറയും ധരിച്ച് പാറയ്ക്കൽ അബ്ദുല്ല നിയമസഭയിലെത്തിയത്.
വ്യത്യസ്തമായ കടന്നുവരവ് അംഗങ്ങെളല്ലാം ശ്രദ്ധിക്കുകയും ചെയ്തു. ഇൗ സമയം മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. അതു കഴിഞ്ഞ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മറുപടി പറയുന്നതിനിടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് വിഷയം പരാമർശിച്ചത്. ‘പാറയ്ക്കൽ അബ്ദുല്ല മാസ്ക് ധരിച്ചാണ് എത്തിയിട്ടുള്ളതെന്നും ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണോ ഇതെന്നുമായിരുന്നു’ സ്പീക്കറുടെ ചോദ്യം. നിപ ഭീതിയകറ്റാൻ കേരളം ഒറ്റക്കെട്ടായി ജാഗ്രതയോടെ ഇടപെടുന്നതിനിടെ എം.എൽ.എയുടെ നടപടി പരിഹാസ്യമാെണന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റ് പ്രതിഷേധിക്കാനും ഒച്ചവെക്കാനും തുടങ്ങി.
പ്രതിരോധവുമായി ഭരണപക്ഷാംഗങ്ങളും എഴുന്നേറ്റതോടെ സഭ ബഹളമയമായി. എം.എൽ.എ കോമാളി വേഷം കെട്ടുകയാണെന്നായിരുന്നു ഭരണപക്ഷാംഗങ്ങളുടെ ആരോപണം. മാസ്ക് ധരിക്കുന്നതിന് ആരോഗ്യവകുപ്പ് ചില മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതു പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നുമുള്ള വിശദീകരണവുമായി മന്ത്രി വീണ്ടും എഴുന്നേറ്റു. നിപ വൈറസ് ബാധിതരായ രോഗികൾ ഉള്ളയിടത്താണ് മാസ്ക് ധരിക്കേണ്ടത്. അല്ലെങ്കിൽ അദ്ദേഹത്തിന് നിപ വൈറസ് ബാധയുണ്ടായിരിക്കണം. അങ്ങനെയുണ്ടെങ്കിൽ ഇവിടെ വരാൻ പാടില്ല. മറ്റുള്ളവരിലേക്ക് പടരുമെന്നുകൂടി മന്ത്രി വ്യക്തമാക്കിയതോടെ വീണ്ടും ബഹളമായി.
പാറയ്ക്കൽ അബ്ദുല്ല ൈകയിൽ കരുതിയിരുന്ന പത്രക്കെട്ടുകൾ സഭയിൽ ഉയർത്തിക്കാട്ടി. ഇതിനിടെ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തത്തി. കോഴിക്കോട്ട് എല്ലാവരും ഇങ്ങനെയാണ് നടക്കുന്നതെന്നും അതിെൻറ പ്രതീകമായാണ് എം.എൽ.എ മാസ്ക് ധരിച്ചെത്തിയതെന്നും അതിൽ പരിഹസിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. എന്നാൽ, സമൂഹമാകെ ഗൗരവത്തോടെയും അതിജാഗ്രതയോടെയും നോക്കിക്കാണുന്ന പ്രവർത്തനങ്ങളെ അപഹസിക്കുന്ന നിലപാടാണ് എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. അതോടെ ബഹളത്തിന് താൽക്കാലിക ശമനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.