കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്ട് മന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. തിങ്കളാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട്ട് ആരോഗ്യ പ്രവർത്തകർക്ക് നിപബാധ സംശയമുയർന്നത്. ഇതോടെ രാവിലെ 10ഓടെ ആരോഗ്യമന്ത്രി വീണാജോർജ് കോഴിക്കോട്ടെത്തി. തുടർന്ന് രാവിലെ പത്തരയോടെ കലക്ട്രേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗംചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കി. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ഓൺലൈനായും പങ്കെടുത്തു.
പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ എടുത്തു. 2021ൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രോട്ടോകോൾ അനുസരിച്ചുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇതിന്‍റെ ഭാഗമായി 16 ടീമുകൾ ഉൾക്കൊള്ളുന്ന കോർ കമ്മിറ്റിയെ തീരുമാനിച്ചു. ഓരോ ടീമിന്റെയും ചുമതല ഓരോ ഓഫിസർമാർക്ക് നൽകുകയും ചുമതല ഏൽപിക്കുകയും ചെയ്തു. രോഗികളുടെ സമ്പർക്കപ്പട്ടിക തയാറാക്കുക, അവരെ കണ്ടെത്തുക, രോഗികളെ ആശുപത്രിയിലേക്കും മറ്റും മാറ്റുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളാണ് ഈ സംഘങ്ങൾ വഴി നടത്തുന്നത്. ജില്ലയില്‍ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടം നടപ്പാക്കാനും മന്ത്രി നിർദേശം നൽകി.
അനാവശ്യ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരാൾ മാത്രമേ പാടുള്ളൂ. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. രോഗികളുടെ ബന്ധപ്പെട്ടവരെ ഹൈ റിസ്ക്, ലോ റിസ്ക് എന്നിങ്ങനെ തരംതിരിച്ച് നിരീക്ഷിക്കും. മരിച്ച രണ്ടുപേരും ചികിത്സക്കായി എത്തിയ ആശുപത്രികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ആ ദിവസങ്ങളിൽ ആശുപത്രികളിൽ വന്ന് വാഹനങ്ങളുടെ നമ്പർ ശേഖരിച്ചിട്ടുണ്ട്. പൊലീസിന്‍റെ സഹായത്തോടെ ഇവരെ കണ്ടെത്തും.
ആദ്യം മരിച്ചയാൾക്ക് നിപയുടെ ലക്ഷണങ്ങളൊന്നും ശ്രദ്ധയിൽപെട്ടിരുന്നില്ല. അതിനാൽ സ്രവം പരിശോധനക്കായി എടുക്കാനായിട്ടില്ല. ഇയാള്‍ക്ക് മറ്റസുഖങ്ങളും ഉണ്ടായിരുന്നു. ഇയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയങ്ങള്‍ക്കിടയാക്കിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്: നിപ സ്ഥിരീകരണത്തെച്ചൊല്ലി ഔദ്യോഗികതലത്തിൽ ആശയക്കുഴപ്പം. പനിബാധയെ തുടർന്ന് തിങ്കളാഴ്ച മരിച്ചയാളുടേതടക്കം അഞ്ചുപേരുടെ സാമ്പിളുകളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചത്. ഫലം വരുന്നമുറക്ക് മാത്രമേ രോഗസ്ഥിരീകരണം ഉറപ്പാക്കാനാവൂ എന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റിൽ ചേർന്ന യോഗശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
എന്നാൽ, വൈകീട്ട് അഞ്ചരയോടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വാർത്തസമ്മേളനം നടത്തി കേരളത്തിൽ നിപ സ്ഥിരീകരിച്ചെന്നും രണ്ടുപേരുടെയും മരണം വൈറസ് ബാധയെ തുടർന്നാണെന്നും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇത് വ്യക്തമായെന്നും അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വീണ്ടും നിപയെന്ന വാർത്തയുടെസ്ഥിരീകരണമായി.
എന്നാൽ, വൈകീട്ട് ആറേ കാലോടെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാജോർജ് പുണെയിൽനിന്നുള്ള പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും ഫോണിൽ ബന്ധപ്പെട്ടപ്പോൾ പരിശോധനയുടെ നടപടിക്രമങ്ങൾ തുടരുകയാണെന്നാണ് അറിയിച്ചതെന്നും പറഞ്ഞു. ഇതോടെയാണ് നിപ സ്ഥിരീകരിച്ചോ ഇല്ലയോ എന്നതിൽ ആശയക്കുഴപ്പമുണ്ടായത്. രാത്രി ഏഴോടെ ഉന്നതതല അവലോകന യോഗംചേർന്ന് തീരുമാനങ്ങൾ വിശദീകരിച്ചപ്പോഴും മന്ത്രി ഫലം സ്ഥിരീകരിച്ചില്ല. രാത്രി എട്ടരയോടെ മാത്രമേ പരിശോധനാഫലം ലഭിക്കൂ എന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
പിന്നീട് 9.10ഓടെ മന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തി സ്ഥിരീകരിക്കുകയായിരുന്നു. മരിച്ച രണ്ടുപേർക്കാണ് നിപയെന്നായിരുന്നു കേന്ദ്രമന്ത്രിപ്രഖ്യാപിച്ചതെങ്കിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി രോഗബാധയുള്ളതായി വീണ ജോർജ് പ്രഖ്യാപിച്ചതോടെ ആശയക്കുഴപ്പത്തിന് അറുതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.