കോഴിക്കോട്: നിപ വൈറസിെൻറ ഉറവിടം കണ്ടെത്താനായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചയച്ച പഴംതീനി വവ്വാലുകളുൾെപ്പടെയുള്ള സാമ്പിൾ പരിശോധനയിലും വൈറസിനെ കണ്ടെത്താനായില്ല. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധന ഫലമാണ് ശനിയാഴ്ച വൈകീട്ട് പുറത്തുവന്നത്.
പേരാമ്പ്ര പന്തിരിക്കര പ്രദേശത്തുനിന്ന് പിടികൂടിയ മൂന്നു പഴംതീനി വവ്വാലുകളുടെ ശരീരസ്രവ സാമ്പിൾ, കാഷ്ഠം, മൂത്രം, എന്നിവയും പ്രാണിതീനി വവ്വാലുകളുടെ സാമ്പിളുകളും സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ വീട്ടിൽ വളർത്തിയ രണ്ടു മുയലുകളുടെ സാമ്പിളും ഉൾെപ്പടെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഭോപാലിലേക്കയച്ചത്. ഇവയുടെയെല്ലാം പരിശോധന ഫലം നെഗറ്റിവാണ്. മുയലുകളിൽ രോഗസാധ്യതയില്ലെന്ന് മുൻകൂട്ടി കണ്ടിരുന്നെങ്കിലും പ്രദേശത്തുകാരുടെ ഭീതിക്ക് അയവുവരുത്താനായാണ് ഇവയെയും അയച്ചതെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി പറഞ്ഞു.
ആദ്യഘട്ടത്തിൽ ഇവരുടെ പുതിയ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് പിടികൂടിയ പ്രാണിതീനി വവ്വാലുകളെ പരിശോധനക്കയച്ചപ്പോഴും ഫലം നെഗറ്റിവായിരുന്നു. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എ.സി. മോഹൻദാസ് പറഞ്ഞു. വവ്വാലുകളെ പിടികൂടി വൈറസ്ബാധയുണ്ടോയെന്ന് കണ്ടെത്തുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. എല്ലാ വവ്വാലുകളിലും വൈറസില്ലാത്തതിനാൽ ഇവയെ എളുപ്പത്തിൽ വേർതിരിക്കാനാവില്ലെന്ന് വിദഗ്ധർ പറയുന്നു.
മരിച്ചവരുടെ ശരീരത്തിലെ സാമ്പിളിൽനിന്ന് ലഭിച്ച വൈറസിെൻറ ആർ.എൻ.എ മലേഷ്യയിലും ബംഗ്ലാദേശിലും മരിച്ചവരുടെ ശരീരത്തിലെ ആർ.എൻ.എയുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കലാണ് ഉറവിടം തേടാനുള്ള മറ്റൊരു വഴി. ജീനോം സീക്വൻസിങ് എന്ന പ്രക്രിയ മണിപ്പാൽ വൈറസ് റിസർച്ച് സെൻറർ തുടങ്ങിയിട്ടുണ്ട്.
ആസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി
കോഴിക്കോട്: നിപ ബാധിതർക്ക് നൽകുന്നതിനായി ആസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. ഹ്യൂമൺ മോണോക്ലോണൽ ആൻറി ബോഡി (എം102.4) എന്ന മരുന്നാണ് ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആശുപത്രിയിലെത്തിച്ചത്. ഇത് രോഗം സ്ഥിരീകരിച്ചവർക്ക് മാത്രമേ നൽകുകയുള്ളൂ. നിലവിൽ നിപ ബാധിതരായി ആരും ഇല്ലാത്തതിനാൽ മരുന്ന് നൽകേണ്ട കാര്യമില്ല. കൂടാതെ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അധികൃതരുടെ മേൽനോട്ടത്തിലേ മരുന്ന് കൈകാര്യം ചെയ്യാനാവൂവെന്ന് ഡോ. രാജീവ് സദാനന്ദൻ പറഞ്ഞു. ഐ.സി.എം.ആർ പ്രതിനിധികൾ തിങ്കളാഴ്ച കോഴിക്കോട്ടെത്തും. നിലവിൽ നിപ രോഗികൾക്ക് റിബവിറിൻ മരുന്നും അനുബന്ധ ചികിത്സയുമാണ് നൽകുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിന് ഒരുകോടി
കോഴിക്കോട്: രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ മെഡിക്കൽ കോളജിന് ഒരുകോടി രൂപ അനുവദിച്ചു. നിപയെക്കുറിച്ച് പഠിക്കാൻ ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയിലെ സംഘം കോഴിക്കോട്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.