കോഴിക്കോട്: നിപ ബാധയിൽ കേരളത്തിന് വീണ്ടും ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ പരിശോധിച്ചവരുടെ ഫലമാണ് നെഗറ്റീവായത്.
ഇതോടെ പരിശോധന ഫലം നെഗറ്റീവായവരുടെ എണ്ണം 61 ആയി ഉയർന്നു. കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. നിപ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 36 പേരുടെ പരിശോധനഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.
നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 265 പേരാണുള്ളത്. ഇതിൽ 62 പേർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് നിരീക്ഷണത്തിലുള്ളത്. മറ്റ് ജില്ലകളിൽ 47 പേർ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
ചാത്തമംഗലത്തെ 12കാരന് നിപ ബാധിക്കാനിടയായ സാഹചര്യത്തെപ്പറ്റി പഠിക്കാൻ സാംക്രമിക രോഗ നിയന്ത്രണ സെൽ അന്വേഷണം തുടങ്ങി. രോഗ ഉറവിടം അടക്കമുള്ള കാര്യങ്ങളാണ് പഠന വിധേയമാക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പിന് കീഴിലുള്ള സാംക്രമിക രോഗനിയന്ത്രണ സെല്ലാണ് പഠനം നടത്തുന്നത്. ഇതിെൻറ ഭാഗമായി ഡോക്ടർമാർ, നിപ സ്ഥിരീകരിച്ച് മരിച്ച മുഹമ്മദ് ഹാഷിമിെൻറ വീട്ടിലും പരിസര വീടുകളിലും പരിശോധന നടത്തി. കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസർമാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോർജ്, അസിസ്റ്റൻറ് പ്രഫസർ ഡോ. ആർ.എസ്. രജസി, ഹെൽത്ത് ഇൻസ്പെക്ടർ ഡോ. സി.എം. അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്.
വീട്ടുപറമ്പിൽ വവ്വാലുകളുടെ സാന്നിധ്യത്തിന് ഇടയാക്കുന്ന കമുകും പഴങ്ങളും ഉള്ളതായി സംഘം വിലയിരുത്തി. തൊട്ടടുത്ത വീടുകളിലും എത്തി വിവരംതേടി.
മാവൂർ: നിപയുടെ ഉറവിട അന്വേഷണം ഊർജിതമാക്കി. ആരോഗ്യവകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിെൻറയും നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചാത്തമംഗലം പാഴൂരിൽ നിപ സ്ഥിരീകരിച്ചു മരിച്ച മുഹമ്മദ് ഹാഷിമിെൻറ വീട്ടിലെ ആടുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തുടക്കം. ആഴ്ചകൾക്കുമുമ്പ് ഇൗ വീട്ടിൽ ആട് ചത്തെന്ന തെറ്റായ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്.
എന്നാൽ, രണ്ടര മാസം മുമ്പ് 300 മീറ്റർ അകലെ ആട് ചത്തത് സ്ഥിരീകരിച്ചു. എങ്കിലും മൃഗസംരക്ഷണവകുപ്പ് വീട്ടിലെ ആടുകളുടെ രക്തവും സ്രവ സാമ്പ്ളുകളും, ഒരു കിലോമീറ്റർ പരിധിയിലെ 22 ആടുകളുടെയും രക്തസാമ്പ്ളും ശേഖരിച്ച് ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ആടുകൾ വൈറസിെൻറ രണ്ടാംനിര വാഹകരായതിനാൽ ഉറവിടമാകാനുള്ള സാധ്യത വിരളമാണെന്നാണ് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
തുടർന്നാണ് പ്രദേശത്ത് വ്യാപകമായുള്ള വവ്വാലിലേക്കും കാട്ടുപന്നികളിലേക്കും അന്വേഷണം കേന്ദ്രീകരിക്കുന്നത്. ജീവനുള്ള വവ്വാലുകളെ പിടികൂടി സ്രവം ശേഖരിച്ചാൽ മാത്രമെ കൂടുതൽ വ്യക്തത ലഭിക്കൂ. എന്നാൽ ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽനിന്ന് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളെ പരിശോധനക്ക് അയച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ഇവയെ വെടിവെച്ചുകൊന്നിരുന്നു. കാട്ടുപന്നിയെ പിടികൂടി സ്രവം ശേഖരിക്കാൻ ശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.