നിരണം പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽതന്നെ; പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 30ന്; യു.ഡി.എഫിന് നിർണായകം

തിരുവല്ല: പ്രസിഡന്റ് തട്ടിപ്പ് കേസിൽ പ്രതിയായി ഒളിവിൽപോയതിനെ തുടർന്ന് നാഥനില്ലാ കളരിയായ നിരണം ഗ്രാമപഞ്ചായത്തിൽ പുതിയ പ്രസിഡന്റിനുള്ള തെരഞ്ഞെടുപ്പ് ഈമാസം 30 ന് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കോൺഗ്രസിലെ കെ.പി. പുന്നൂസ് ആണ് അഞ്ചുമാസമായി ഒളിവിൽ കഴിയുന്നത്. ഇദ്ദേഹത്തിനെതിരേ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെര​െ​ഞ്ഞടുപ്പ് സംബന്ധിച്ച അറിയിപ്പ് തെരഞ്ഞെടുപ്പു കമീഷനിൽനിന്ന് പഞ്ചായത്ത് വരണാധികാരിയായ തിരുവല്ല മണ്ണുസംരക്ഷണ ഓഫിസർക്ക് ലഭിച്ചു.

13 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് 2 സ്വതന്ത്രർ ഉൾപ്പെടെ 7 അംഗങ്ങളും എൽ.ഡി.എഫിന് 6 പേരുമാണുള്ളത്. യു.ഡി.എഫിലെ ഒരംഗം കാലുമാറി പിന്തുണച്ചതോടെയാണ് അവിശ്വാസം വിജയിച്ചത്. 30ന് രാവിലെ 11 മണിക്ക് ചേരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ കെ.പി. പുന്നൂസിനു പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 6 വോട്ടു വീതം ലഭിക്കാനാണ് സാധ്യത. ഇതോടെ പ്രസിഡന്റിനെ കണ്ടെത്താൻ നറുക്കെടുപ്പു വേണ്ടിവരും.

പ്രസിഡന്റ് ആയിരുന്ന കെ.പി. പുന്നൂസ് പലരിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലാകുകയും തുടർന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയും ചെയ്തതോടെയാണ് അവിശ്വാസപ്രമേയം വന്നതും പുറത്തായതും. 3 കേസുകളിൽ അറസ്റ്റിലാകുകയും 3 പ്രാവശ്യം ജയിൽവാസം അനുഭവിക്കുകയും ചെയ്ത ഇയാൾ ഇനിയും 5 കേസിൽ ജാമ്യം എടുക്കാനുണ്ട്. നിലവിൽ പ്രസിഡന്റ് ഒളിവിലാണെന്നാണ് പൊലീസ് റിപ്പോർട്ട്.

യു.ഡി.എഫിനു പിന്തുണ നൽകുന്ന 2 സ്വതന്ത്ര അംഗങ്ങളുടെ നിലപാട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചിലപ്പോൾ ഭരണമാറ്റത്തിനു വഴിവച്ചേക്കാം. ഇതിനിടെ സ്വതന്ത്ര അംഗങ്ങൾ പ്രസിഡന്റ് പദത്തിനുവേണ്ടി വിലപേശലും തുടങ്ങിയിട്ടുണ്ട്.

കോ​ൺ​​ഗ്ര​സ്​ നേ​താ​വാ​യ പു​ന്നൂ​സ്,​ ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ച്​ മേ​ധാ​വി കെ.​പി. യോ​ഹ​ന്നാ​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. ​യോഹന്നാന്റെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എം.​ബി.​ബി.​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്താണ് പുന്നൂസ് ത​ട്ടി​പ്പ്​ ന​ട​ത്തി​യെത്. സംഭവത്തിൽ ഇരകളായ നിരവധി പേരുടെ പരാതിയിൽ ഇയാൾക്കെതിരെ വി​വി​ധ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കേസ് ര​ജി​സ്റ്റ​ർ ചെ​യ്തിട്ടുണ്ട്.

തിരുവല്ലയിലെ കോട്ടയം പൊലീസ് ഇദ്ദേഹത്തിന്റെ വീടിനു സമീപം കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. അഞ്ച് മാസമായി പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാണ്. പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടിട്ടും പഞ്ചായത്തംഗത്വം രാജിവെക്കാൻ ഇതുവരെ കെ.പി. പുന്നൂസ് തയാറായിട്ടില്ല.

Tags:    
News Summary - Niranam Panchayat President election on sept 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.