വൈപ്പിൻ: ഫുട്ബാളിനോടുള്ള അടങ്ങാത്ത കമ്പം മൂത്തപ്പോൾ പ്ലസ്ടു പഠനത്തിന് ഇടവേള നൽകി കളി പഠിക്കാൻ പഞ്ചാബിലേക്ക് വണ്ടികയറി. തിരിച്ചുവന്നത് പക്ഷേ, കളിക്കുപ്പായത്തിന് പകരം പരിശീലക വേഷത്തിലാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത ഫുട്ബാൾ പരിശീലകനായിരിക്കുകയാണ് പതിനെട്ടുകാരനായ വൈപ്പിൻ ഞാറക്കൽ പെരുമ്പിള്ളി സ്വദേശി വലിയവീട്ടിൽ നിരഞ്ജൻ അനീഷ്. ഒമ്പതാം വയസ്സിൽ വൈപ്പിൻ സെവൻ ആരോസ് ഫുട്ബാൾ അക്കാദമിയിലൂടെ കളി പഠിച്ച് തുടങ്ങിയതാണ് നിരഞ്ജൻ.
സമപ്രായക്കാരുടെ ബാച്ച് തുടങ്ങി ഏതാനും മാസങ്ങൾ കഴിഞ്ഞാണ് അക്കാദമിയിലെത്തുന്നത്. ഗോൾകീപ്പറാവാൻ തയാറെങ്കിൽ ടീമിലെടുക്കാമെന്ന കോച്ച് ശ്രീജിത്തിന്റെ നിർദേശം പാലിച്ച് ഒപ്പം ചേർന്നു. ഒരു കളി പോലും തോൽക്കാതെ കോഴിക്കോട് നടന്ന സെപ്റ്റ് ഫെസ്റ്റിൽ ടീം ചാമ്പ്യന്മാരായപ്പോൾ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് അണ്ടർ 12 ൽ സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന ഗോൾകീപ്പറായി മാറിയതോടെ സ്പോർട്സ് കൗൺസിലുൾപ്പെടെ അഞ്ചോളം റസിഡൻഷൽ അക്കാദമികളിലേക്ക് സെലക്ഷൻ കിട്ടി. പക്ഷേ, നിരഞ്ജൻ തെരഞ്ഞെടുത്തത് മലപ്പുറം ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് ആയിരുന്നു.
സുബ്രതോ ദേശീയ മത്സരത്തിന് ടീം യോഗ്യത നേടാനാവാതിരുന്നതോടെ ഗോകുലം കേരള അണ്ടർ 13 ടീമിലേക്ക് മാറി. പഠനം എടത്തനാട്ടുകരയിലേക്കും. ഇതിനിടയിൽ അച്ഛൻ അനീഷ് രാഘവന്റെ മരണം ആഘാതമായി. നാട്ടിലേക്ക് തിരികെ എത്തി. വിരലുകൾക്കേറ്റ പരിക്ക് ഗോൾകീപ്പർ ആയി തുടരാൻ തടസ്സമായി. മൂന്ന് മാസത്തെ ക്യാമ്പിനായി മിനർവ അക്കാദമിയിൽ ചേർന്ന് ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം എലൈറ്റ് ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. ചീഫ് കോച്ച് യാൻ ലോയുടെ നിർദേശപ്രകാരമാണ് ഡി ലൈസൻസ് കോഴ്സിന് ചേർന്നത്. തുടർന്ന് ഒരു മാസത്തെ ഇന്റേൻഷിപ്പും പൂർത്തിയാക്കി. പരിശിലനവും കളിയും ഒരുമിച്ച് കൊണ്ടു പോവാനാണ് നിരഞ്ജന്റെ തീരുമാനം. ബംഗളുരുവിൽ ഉടനെ നടക്കുന്ന ട്രയൽസിൽ പങ്കെടുക്കുവാനുള്ള തയാറെടുപ്പിലാണ്.
അടുത്ത വർഷം ആദ്യം സി ലൈസൻസ് സർട്ടിഫിക്കറ്റും എടുക്കാൻ ലക്ഷ്യമിടുന്നു. ഏത് സമയത്തും മിനർവയിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചാണ് എം.ഡി രഞ്ജിത്ത് ബജാജ് നിരഞ്ജനെ നാട്ടിലേക്ക് യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.