വൈത്തിരി: മൂന്നു പതിറ്റാണ്ടിലധികമായി എല്ലാവരുടെയും സ്നേഹത്തലോടലിൽ വായനയും പാട്ടുമൊക്കെയായി കഴിയുന്ന സൗജത്തിന് ഇനി എന്നും കൂട്ടായി നിസാറുണ്ടാകും. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹം മംഗളകരമായി നടന്നത്.
ഓർമയില്ലേ സൗജത്തിനെ? കുഞ്ഞുനാളിൽ ബന്ധുക്കളാരോ താലോലിക്കാൻ ഉയരത്തിലേക്കെറിഞ്ഞപ്പോൾ താഴെവീണു നട്ടെല്ല് ഒടിഞ്ഞു കഴുത്തിന് താഴെ ശരീരം ചലിപ്പിക്കാനാവാതെയായിട്ടും നിശ്ചയദാർഢ്യത്തോടെ ജീവിതം നയിക്കുന്ന സൗജത്ത് എല്ലാവർക്കും പ്രചോദനമാണ്. ഹാരിസൺസ് മലയാളം പ്ലാന്റേഷൻസിനു കീഴിലുള്ള മുണ്ടക്കൈ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന പാത്തുമ്മയുടെയും ഡ്രൈവർ ഏലിയുടെയും രണ്ടാമത്തെ മകളായ സൗജത്തിനെ കുഞ്ഞുനാളിൽ ബന്ധുക്കളാരോ താലോലിക്കുന്നതിനിടെ തറയിൽവീണ് കഴുത്തെല്ല് ഒടിഞ്ഞാണ് ശയ്യാവലംബിയായത്.
തല കഴിഞ്ഞാൽ ഇരുകൈകളിലെയും ഏതാനും വിരലുകൾ മാത്രം ചലിപ്പിച്ചു ഒരുപാടു നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്ന സൗജത്തിന്റെ കഥ നാലു വർഷം മുമ്പ് 'മാധ്യമം' പ്രസിദ്ധീകരിച്ചതോടെയാണ് ജീവിതം തന്നെ മാറിമറിഞ്ഞത്. എല്ലാവരുടെയും പിന്തുണയും സ്നേഹവുമറിഞ്ഞ് അവർ വായനയുടെയും പാട്ടുകളുടെയും ലോകത്ത് തന്റേതായ ഇടം കണ്ടെത്തി. അങ്ങനെയിരിക്കെ വിവാഹമെന്ന സ്വപ്നവും പൂവണിഞ്ഞു.
സൗജത്തിന്‍റെ മനസ്സറിഞ്ഞ് പെരിന്തൽമണ്ണക്കാരൻ നിസാറെത്തി. 36 വയസ്സുകാരിയായ സൗജത്തിനെ നിസാർ നിക്കാഹ് കഴിച്ചു. പ്രതിസന്ധികൾക്ക് വിലങ്ങുവെച്ച് നിസാർ സൗജത്തിനെ ദാമ്പത്യ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.