അടുത്ത തവണയെങ്ങാനും കോൺഗ്രസിന് ഭരണം കിട്ടിയാൽ എന്താകും സ്ഥിതിയെന്ന് ഒരുവേള കെ.കെ. ശൈലജ ഓർത്തുപോയി. എങ്ങനെയാണിവർ ഭരിക്കുക? കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്നത് അഞ്ചാറുപേർ. താൻ മുഖ്യമന്ത്രിയാകാൻ ഡൽഹിയിൽനിന്ന് പറന്നിറങ്ങേണ്ട ആവശ്യമില്ലെന്ന് ഒരാൾ. ഇതൊക്കെ കേട്ടപ്പോൾ മുഖ്യമന്ത്രി സ്ഥാനം കിട്ടിയാൽ എന്താണ് കുഴപ്പമെന്ന് തോന്നൽ ലീഗിനും. വല്ലാത്ത അപചയമെന്നല്ലാതെ ടീച്ചർ മറ്റെന്ത് പറയാൻ. പി.ആർ. ഏജൻസിയൊക്കെ വെച്ച് മുഖ്യമന്ത്രിയാകാനിറങ്ങിയതു കൊണ്ടാണ് ട്രഷറി ബെഞ്ചിലിരിക്കേണ്ട ടീച്ചർക്ക് ആ ബെഞ്ചിൽ ഇരിക്കേണ്ടിവന്നതെന്ന് ഉരുളക്ക് ഉപ്പേരി പോലെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം നിറഞ്ഞ മറുപടി. ടീച്ചർക്ക് വിഷമമുണ്ടാകും. അതിന് ദയവായി ഞങ്ങളുടെ മുകളിൽ കയറരുത്. ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ല, ഒറ്റക്കെട്ടാണ്- സതീശന്റെ അവകാശവാദം. മുൻ പ്രതിപക്ഷ നേതാവ് ഹരിപ്പാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ കാവടി എടുത്തതിനാൽ ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാമെന്ന് വി. ജോയിയും.
പ്രതിപക്ഷവും വീട്ടിലെ പൂച്ചയും ഒരു പോലെയാണെന്ന് എ. പ്രഭാകരന് തോന്നിയിട്ടുണ്ട്. മീൻ എങ്ങനെ കരയിലെത്തി, എങ്ങനെ വീട്ടിലെത്തി, വാങ്ങിയ കാശ് എവിടെ നിന്ന് എന്നൊന്നും പൂച്ചക്ക് അറിയേണ്ട. അമ്മ മീൻവെട്ടാൻ ഇരുന്നാലോ തലയും വാലും കിട്ടണം. മൂക്കറ്റം തിന്നിട്ട് പിന്നെ സോഫ മാന്തിപ്പൊളിക്കൽ, ഓന്തിനെയും അരണയെയും കടിച്ച് വീട്ടിൽ കൊണ്ടിടൽ തുടങ്ങിയ കലാപരിപാടികൾ. ഏതാണ്ട് അതുപോലെയാണ് പ്രതിപക്ഷം. കിട്ടേണ്ടതൊക്കെ കിട്ടിയാൽ പിന്നെ കുറ്റം പറച്ചിലും വെപ്രാളം പ്രകടിപ്പിക്കലുമൊക്കെ. അവഗണനയെന്ന പ്രതിപക്ഷ പരാതി അംഗീകരിക്കാൻ അദ്ദേഹം തയാറല്ലായിരുന്നു. ബാർബർ ഷോപ്പിലെ കല്ല് പോലെ തേഞ്ഞുതേഞ്ഞ് പോകുന്ന പാർട്ടിയായി സി.പി.എം മാറിയെന്നാണ് പി.കെ. ബഷീറിന്റെ കണ്ടെത്തൽ. ആപ് ഡൽഹിയിൽ തോറ്റതിന് കോൺഗ്രസാണ് ഉത്തരവാദിയെന്നാണ് ഇടതുപക്ഷം പറയുന്നത്. പിന്നെ എന്തിനാണ് നിങ്ങൾ അവിടെ മത്സരിക്കാൻ പോയത്. നിങ്ങളുടെ വോട്ട് ആപ്പിന് കൊടുത്തൽ പോരേ. വൈ ഡു യു കണ്ടസ്റ്റ് -ഇംഗ്ലീഷും ചേർത്തായി ബഷീറിന്റെ ചോദ്യം. പി.കെ. ബഷീറിന്റെ ഇംഗ്ലീഷ് കേട്ടപ്പോൾ വയനാട്ടിൽ രാഹുലും പ്രിയങ്കയും മത്സരിച്ചതിന് ഗുണമുണ്ടായെന്ന് കെ. പ്രേംകുമാറിന് ബോധ്യപ്പെട്ടു.
പാതിവില തട്ടിപ്പിൽ യു.ഡി.എഫ് അംഗങ്ങൾക്കിട്ട് കൊട്ടുകൊടുക്കാൻ ഭരണപക്ഷം പ്രത്യേകം ശ്രദ്ധിച്ചു. മാത്യൂ കുഴൽനാടനെതിരെ ആരോപണം എടുത്തിട്ട പ്രേംകുമാർ പാതി വില കുഴൽ, പാതിവില കുഴൽ എന്നൊക്കെയാണ് നാട്ടിൽ പറയുന്നതെന്ന് പറഞ്ഞുവെച്ചു. വി. ജോയിയും കുഴൽനാടനൊരു കൊട്ടുകൊടുത്തു. തന്നെ ചളിവാരിയെറിയാനുള്ള ഗൂഢാലോചന അടിസ്ഥാനരഹിതമെന്ന് കുഴൽനാടൻ. ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ആപ്പാണ് കോൺഗ്രസ് ഊരിയതെന്ന് പി.എസ്. സുപാൽ. കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയതു പോലും മുന്നണിയുണ്ടായതു കൊണ്ടാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. തെളിഞ്ഞ പുലരിയിലേക്ക് ഞാൻ ഉണർന്നെഴുന്നേൽക്കുക തന്നെ ചെയ്യുമെന്ന മായ എയിഞ്ചലോ കവിത ചൊല്ലിയ പ്രമോദ് നാരായണൺ ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തിനെതിരായ സമരമാണീ ബജറ്റെന്ന് പുകഴ്ത്തി.
കേന്ദ്രം പണം തരുന്നില്ലെങ്കിൽ ധനമന്ത്രി പറയുന്ന പ്ലാൻ ബി, പ്ലാൻ കട്ടാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് പ്രതിപക്ഷ നേതാവ്. തേങ്ങ പത്തരച്ചാലും താളല്ലേ കറി എന്ന പോലെ കോൺഗ്രസിന്റെ കൂടെയല്ലേ കൂട്ട് എന്ന് ലീഗുകാരോട് എ. പ്രഭാകരൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഗോവിന്ദൻ മാഷിന്റെ ക്ലാസ് കേട്ട് പി.കെ. ബഷീറും അന്തം വിട്ടിരുന്നു. ധനമന്ത്രി എ.ഐയെ കുറിച്ച് ഒന്നും പറയാത്തതിലാണ് മോൻസ് ജോസഫിന് പരിഭവം. പ്രതിപക്ഷ വക്താവായി പി.കെ. ബഷീറിനെ തെരഞ്ഞെടുക്കണമെന്ന ആഗ്രഹമാണ് കോവൂർ കുഞ്ഞുമോന്. ബഷീർ പ്രസംഗിച്ചതൊന്നും കോവൂരിന് തിരിഞ്ഞില്ലത്രെ. ബജറ്റിന്റെ മൂന്ന് ദിവസത്തെ പൊതുചർച്ച മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മറുപടിയോടെയാണ് പൂർത്തിയായത്. സാധാരണ ശാന്തത വെടിയാത്ത ധനമന്ത്രി ഇക്കുറി അക്രമോത്സുകനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.