തീരദേശ പരിപാലനം സംബന്ധിച്ച അനാസ്ഥയിൽ ആരോപണം തിരിഞ്ഞും മറിഞ്ഞും അവസാനം ഇടതുസർക്കാറിെൻറ ചുമലിൽതന്നെയെത്തി. തീരദേശ പരിപാലനമേഖലയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾക്ക് അനുസൃതമായി കേരളത്തിന് പ്രയോജനം ലഭിക്കുന്നില്ലെന്നത്, അടിയന്തര ചർച്ച ആവശ്യപ്പെട്ട കെ. ബാബുവിെൻറ (തൃപ്പൂണിത്തുറ) ആരോപണമായിരുന്നു. എല്ലാം ശരിെവച്ച മുഖ്യമന്ത്രി, ബാബുവിെൻറ കുറ്റബോധം തീർക്കാനാണ് ഇക്കാര്യം കൊണ്ടുവന്നതെന്ന പ്രത്യാരോപണത്തിൽ ബാബുവിനെ പ്രതിക്കൂട്ടിലാക്കി. 2011ൽ വന്ന കേന്ദ്ര വിജ്ഞാപനത്തിനനുസൃതമായി കേരളം പദ്ധതി സമർപ്പിച്ചില്ലത്രെ! 2016 വരെ ഭരിച്ച ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ബാബുവിന് കുറ്റബോധം സ്വാഭാവികമെന്ന പരിഹാസത്തോടെ പിണറായി, ബാബുവിനെ ഭംഗിയായി മൂലക്കിരുത്തി. അന്ന് കേന്ദ്രവും സംസ്ഥാനവും ഭരിച്ചത് കോൺഗ്രസ് ആയിരുന്നതിനാൽ നടപടിക്രമങ്ങൾ വേഗത്തിൽ പുൂർത്തിയാക്കാമായിരുന്നെന്നും പിണറായി പറഞ്ഞതോടെ ഭരണപക്ഷ െബഞ്ചുകൾ ആരവത്തിലായി.
എന്നാൽ, ഇറങ്ങിപ്പോക്കുവേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് തിരിച്ചടി നൽകിയത് അപ്രതീക്ഷിതമായിരുന്നു. 2011ൽ വന്ന വിജ്ഞാപനത്തിന് അനുസൃതമായി അന്നേ പദ്ധതി സമർപ്പിച്ചതായും അതനുസരിച്ചുള്ള ആനുകൂല്യം ഇപ്പോഴും ലഭിക്കുന്നതായും സതീശൻ പറഞ്ഞപ്പോൾ കൈയടി പ്രതിപക്ഷത്തിെൻറയായി. എന്നാൽ, 2018 ജനുവരിയിൽ കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രവിജ്ഞാപനം വന്നു. അതിനുള്ള പദ്ധതി ആറുമാസത്തിനുള്ളിൽ നൽകേണ്ടതായിരുന്നു. നാലുവർഷം കഴിഞ്ഞിട്ടും നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോൾ അടുത്തകാലത്തൊന്നും നൽകുമെന്ന് കരുതാനുമാകുന്നില്ല. കായലോരത്തും ചെറുദ്വീപുകളിലും താമസിക്കുന്നവർക്ക് ഏറെ ഗുണകരമാകേണ്ടിയിരുന്ന ഇൗ ആനുകൂല്യം സർക്കാറിെൻറ അനാസ്ഥയും അലംഭാവവും കൊണ്ട് ഇല്ലാതാകുകയാണെന്നും സതീശൻ പറഞ്ഞപ്പോൾ പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്താൻ ശ്രമിച്ച മുഖ്യമന്ത്രിക്ക് മൗനംപാലിക്കാനേ കഴിഞ്ഞുള്ളൂ. പ്രതിഷേധം ഇറങ്ങിപ്പോക്ക് കൊണ്ടാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്.
നാല് ബില്ലുകളാണ് ഇന്നലെ പാസാക്കാനുണ്ടായിരുന്നത്. പഞ്ചായത്തീരാജ്, നഗരാസൂത്രണം, മുനിസിപ്പാലിറ്റി എന്നീ നിയമങ്ങളുടെ ഭേദഗതികളും തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലും ആയിരുന്നു അവ. ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച സഭ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധിയും പെൻഷനും ഏർെപ്പടുത്തി മറ്റൊരു ചരിത്രം സൃഷ്ടിക്കുന്നതിൽ ബിൽ പൈലറ്റ് ചെയ്ത മന്ത്രി എം.വി. ഗോവിന്ദൻ അഭിമാനം പൂണ്ടു. എന്നാൽ, യു.പി.എ സർക്കാറിെൻറയും കോൺഗ്രസിെൻറയും കാലത്തുവന്ന തൊഴിലുറപ്പിെൻറ പൈതൃകം വിട്ടുകൊടുക്കാൻ റോജി എം. ജോണിന് മനസ്സുവന്നില്ല. കോൺഗ്രസിെൻറ കുഞ്ഞായ തൊഴിലുറപ്പിെൻറ കുഞ്ഞായി, അതായത് കോൺഗ്രസിെൻറ കൊച്ചുമകനായി ഇൗ േക്ഷമനിധിയെ റോജി വിശേഷിപ്പിക്കവെ, മാസ്ക്ക് മുഖത്തില്ലാത്തകാര്യം സ്പീക്കർ ഒാർമിപ്പിച്ചു. ശ്വാസം മുട്ടുന്നതിനാലാണ് മാസ്ക്ക് മാറ്റിയതെന്ന് പറഞ്ഞ റോജിയോട്, 'ചെറുപ്പക്കാർ ഇങ്ങനെ പറഞ്ഞാലോ' എന്നായി, സ്പീക്കർ. മാസ്ക് െവക്കണമെന്ന നിർദേശത്തെ റോജി അംഗീകരിച്ചു. ഒപ്പം താൻ ചെറുപ്പമാണെന്ന പരാമർശത്തെയും അംഗീകരിക്കുകയാണെന്ന് റോജി പറഞ്ഞപ്പോൾ, ചെറുപ്പമാണെങ്കിലും ഒരു മുത്തച്ഛെൻറ വാത്സല്യത്തോടെയാണ്, ബില്ലിനെ റോജി കാണുന്നതെന്നായി സ്പീക്കർ.
സി.എച്ച്. മുഹമ്മദ് കോയ സത്യപ്രതിജ്ഞ ചെയ്തതിെൻറ 42ാം വാർഷികദിനത്തിൽ അധികാര വികേന്ദ്രീകരണം സംബന്ധിച്ച മൂന്ന് ബിൽ വന്നതിൽ ലീഗ് അംഗങ്ങളായ നജീബ് കാന്തപുരം, പി. ഉബൈദുള്ള, കുറുക്കോളി മൊയ്തീൻ എന്നിവർ സന്തുഷ്ടരായിരുന്നു. സി.എച്ചാണ് അധികാര വികേന്ദ്രീകരണതിന് തുടക്കം കുറിച്ചതെന്ന് കുറുക്കോളി മൊയ്തീൻ അവകാശപ്പെട്ടപ്പോൾ, സി.എച്ചിെൻറ മണ്ഡലത്തിൽനിന്ന് ജയിച്ചുവന്നതിലാണ് ഉബൈദുള്ള സായൂജ്യമടഞ്ഞത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.