സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം മേയ് അവസാനം തിരുവനന്തപുരം: മേയ് അവസാനത്തോടെ സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. പ്രഖ്യാപന തീയതി നിശ്ചയിച്ചിട്ടില്ല. കേന്ദ്രപൂളിൽനിന്ന് പരിമിതമായ വൈദ്യുതി ലഭിക്കുന്നുണ്ട്. ഒപ്പം ദീർഘകാലം, ഹ്രസ്വകാലം എന്നീ കരാറടിസ്ഥാനത്തിൽ പുറത്തുനിന്നും വാങ്ങുന്നുണ്ട്. അതുകൊണ്ടാണ് വരൾച്ചയിലും പവർകട്ട് ഇല്ലാതെപോകുന്നത്. സൗരോര്‍ജപദ്ധതി കൂടുതല്‍ ജനകീയമാക്കണമെന്നാണ് സർക്കാറിനുള്ളത്. സോളാര്‍ പദ്ധതി വിപുലമാക്കുന്നതിന് കെ.എസ്.ഇ.ബി മുഖേന പ്രത്യേക സംവിധാനം ഉണ്ടാക്കും. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ വൈദ്യുതി കുടിശ്ശിക 255 കോടിയാണ്.
പൊലീസുകാര്‍ പ്രതികളായ 39 സ്ത്രീ പീഡനക്കേസുകള്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് പൊലീസുകാര്‍ പ്രതികളായ 39 സ്ത്രീ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതേകാലയളവില്‍ പൊലീസുകാര്‍ പ്രതികളായ എട്ട് ബലാത്സംഗക്കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10 മാസത്തിനുള്ളിൽ ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച് 67 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായ കേസുകള്‍ 13 എണ്ണമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട് 283 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 202 എണ്ണത്തിെൻറ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 58 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്വാശ്രയം:റിപ്പോർട്ട് ലഭിച്ചശേഷം നടപടി -മന്ത്രി സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിക്കുന്ന ജ. ദിനേശൻ കമീഷെൻറ റിപ്പോർട്ട് ലഭിച്ചശേഷം മേഖലയിൽ ദിശാബോധമുള്ള കര്‍മപദ്ധതി തയാറാക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. സ്വാശ്രയ മേഖലയിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജ. കെ.കെ. ദിനേശന് അധ്യക്ഷനായ കമീഷനെ നിയോഗിച്ചിട്ടുള്ളത്. നാലുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷനോട് ആവശ്യെപ്പട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടികൾ സ്വീകരിക്കും. സ്വകാര്യ സ്വാശ്രയ മേഖലയിൽ പുതിയ കോളജുകൾ അനുവദിക്കേണ്ടെന്നാണ് സർക്കാർ നിലപാടെന്നും ടി.എ. അഹമ്മദ് കബീറിെൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
പുതിയ ടൂറിസം നയം കൊണ്ടുവരുമെന്ന് മന്ത്രി ടൂറിസം വികസനത്തിന് പുതിയനയം രൂപവത്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. 2012ൽ പുറപ്പെടുവിച്ച ടൂറിസം നയത്തിൽ ആവശ്യമായ മാറ്റങ്ങൾവരുത്തിയാകും പുതിയനയം രൂപവത്കരിക്കുക. കേരള ടൂറിസം വിപണി വിപുലീകരിക്കാൻ വിദേശരാജ്യങ്ങളിൽ റോഡ് ഷോയും േട്രഡ് ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷൻ, ഗ്രീൻ കാർപറ്റ് പദ്ധതി, നവമാധ്യമങ്ങളുടെ സഹായത്തോടെ ടൂറിസം സാധ്യത വർധിപ്പിക്കുക തുടങ്ങിയ പദ്ധതികളും നടപ്പാക്കിവരുന്നതായി ചിറ്റയം ഗോപകുമാർ, ഗീതാഗോപി, ആർ. രാമചന്ദ്രൻ, മുഹമ്മദ് മുഹസിൻ എന്നിവരെ അറിയിച്ചു.
ലോട്ടറി ടിക്കറ്റിൽ പുതിയ സുരക്ഷമുദ്ര ജൂണ്‍ മുതല്‍ ലോട്ടറി ടിക്കറ്റില്‍ പുതിയ സുരക്ഷമുദ്ര ഏര്‍പ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക്. ഏജൻറുമാര്‍ക്കും വില്പനക്കാര്ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യാജ ലോട്ടറികള്‍ തിരിച്ചറിയാന്‍ കഴിയുന്നവിധത്തിലെ സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തും.
ആദിവാസി, മത്സ്യത്തൊഴിലാളി മേഖലകളിലേക്ക് മാത്രമായി മൊബൈല്‍ ത്രിവേണികളുടെ പ്രവര്‍ത്തനം നിജപ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ഇടുക്കിയിലെ കൈയേറ്റം: റിപ്പോർട്ട് ഒരു മാസത്തിനകം മൂന്നാറിലെ കൈയേറ്റങ്ങൾ തിട്ടപ്പെടുത്തുന്നതിന് വിവിധ റവന്യൂ ഓഫിസുകൾ മുഖാന്തരം നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുന്നതിന് ലാൻഡ് റവന്യൂ കമീഷണർക്കും ഇടുക്കി ജില്ല കലക്ടർക്കും നിർദേശം നൽകി. സംസ്ഥാനത്തെ ജയിലുകളിൽ യു.എ.പി.എ നിയമപ്രകാരം അറസ്റ്റ് ചെയ്ത നാല് വിചാരണത്തടവുകാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റിമാൻഡ് പ്രതികളും എൻ.ഐ.എ അന്വേഷിക്കുന്ന കേസുകളിൽ ഉൾപ്പെട്ടവരും കൂടാതെയാണിത്.
സംസ്ഥാനത്ത് സ്കൂൾ പരീക്ഷകൾക്കും ചോദ്യപേപ്പർ തയാറാക്കുന്നതിലും പരിഷ്കരണം കൊണ്ടുവരുന്ന കാര്യം ആലോചിച്ചുവരുന്നതായി വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
ശബരിമല പാതയിൽ 37 ഇടത്താവളങ്ങൾ ശബരിമലയിലേക്കുള്ള പാതയിൽ 37 ഇടത്താവളങ്ങൾ നിർമിക്കാൻ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. ഇടത്താവളം നിർമിക്കേണ്ട ക്ഷേത്രങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. നിർമാണം ഉടൻ ആരംഭിക്കും. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ അടങ്ങിയ കെ. ജയകുമാർ കമ്മിറ്റി റിപ്പോർട്ട് വൈകാതെ നടപ്പാക്കും. പുറമെ മലബാർ ദേവസ്വത്തിന് കീഴിൽ ക്ഷേത്രഭരണത്തിന് ഏകീകൃതരീതി കൊണ്ടുവരുന്നതിനെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ പ്രത്യേകസമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യവസായ സൗഹൃദ നിയമം കൊണ്ടുവരും സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സംരംഭകര്‍ക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി നൽകുന്നതിനുമായി ‘കേരള ഇന്‍വെസ്റ്റ്മെൻറ് പ്രമേഷന് ആൻഡ് ഫെസിലിറ്റേഷന്‍ ആക്ട്’ എന്ന പേരില്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എ.സി. മൊയ്തീന്. ലൈസന്‍സുകളും ക്ലിയറന്‍സുകളും അതിവേഗം ലഭ്യമാക്കുന്നതിനായി കൊണ്ടുവരുന്ന ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ്. ഏകജാലക ക്ലിയറന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് സ്ഥിരം സെല്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെൻറ് കോർപറേഷനില്‍ ആരംഭിക്കും. ഈ സംവിധാനം ജില്ല തലങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നതിന് കലക്ടര്‍ തലവനായി ഒരു സ്ഥിരം ജില്ല സമിതി രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.