കണ്ണൂരിലെ പാർട്ടിയിൽ ഒമ്പതോളം ഗ്രൂപ്പുകളുണ്ടെന്ന് എൻ.എം. പിയേഴ്സൺ

കോഴിക്കോട് : കണ്ണൂരുലെ പാർട്ടിയിൽ ഒമ്പതോളം ഗ്രൂപ്പുകളുണ്ടെന്ന് ഇടതു ചിന്തകനായ എൻ.എം. പിയേഴ്സൺ. കണ്ണൂരിൽ നടക്കുന്നത് ഈ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാരം മത്സരമാണെന്നും ഒരു വാരികയിലെഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു. പി. ജയരാജനെയും മകനെയും ഒതുക്കി. ഇനി ആരെ ഒതുക്കാനാണ് പ്രമോദ് കോട്ടോളിയെ ഉപയോഗപ്പെടുത്തുന്നത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചറിയും.

പക്ഷേ ഒന്നു വ്യക്തമായി കണ്ണൂർ കോട്ട ഭദ്രമല്ല. ഏതാണ്ട് ഒമ്പതോളം ഗ്രൂപ്പുകൾ അധികാരത്തിനുവേണ്ടി മത്സരിക്കുമ്പോൾ ജില്ലക്ക് നാഥനില്ലാത്ത അവസ്ഥയുണ്ട്. കോഴിക്കോട്ട് പി.എസ്.സി അംഗത്വം വിൽപ്പനക്ക് വച്ചതിന്റെ വാർത്ത ചോർന്നത് അബദ്ധത്തിൽ സംഭവിച്ചതല്ല. ചിലരെ ഒതുക്കാൻ മറ്റു ചിലർ ബോധപൂർവം ചോർത്തിക്കൊടുത്താണെന്നും അദ്ദേഹം പറയുന്നു.

പാർട്ടിയുടെ അധികാരി കേന്ദ്രങ്ങൾ മാഫിയ സ്വഭാവം സ്വീകരിച്ചപ്പോൾ ഏരിയാ കമ്മിറ്റി ഓഫീസുകളിൽ പലതും ദല്ലാൾ കേന്ദ്രങ്ങൾ ആയി മാറി. മാർക്സിസ്റ്റ് പാർട്ടിയിൽ പുതലിപ്പെന്ന് വിജയരാഘവൻ പറഞ്ഞത് ഒരു റിഫ്ലക്സ് ആക്ഷൻ മാത്രമാണ്. പാർട്ടിയിൽ പ്രത്യശാസ്ത്രത്തിന്റെ അണുബാധ ഏറ്റു. യോഗാതുരമായ പാർട്ടി ശരീരം പൂപ്പൽ നിറഞ്ഞ് നിർജീവമായി. പൗരപ്രമുഖരുടെ സൽക്കാര വിരുന്നിൽ പങ്കെടുക്കുന്ന വിശുദ്ധ നേതാക്കൾ ഈ പാർട്ടി സമ്പൂർണമായി ദ്രവിച്ചു തീർന്നതിന്റെ പ്രതിരൂപങ്ങളാണെന്നും അദ്ദേഹം തുറന്ന് എഴുതി.

സഖാക്കൾ എം. സുകുമാരന്റെ ശേഷക്രിയ എന്ന നോവൽ വായിക്കണമെന്നാണ് പ്രിയേഴ്സൺ പറയുന്നത്. 50 വർഷം മുമ്പ് ഇതെല്ലാം വായിച്ചൊരു മനുഷ്യൻ കേരളത്തിൽ ഉണ്ടായിരുന്നു. വിപ്ലവത്തിൻറെ ചരിത്രഗാഥ രചിച്ചും ആയിരുന്നു അത്. അദ്ദേഹത്തിൻറെ പ്രവചന സ്വഭാവമുള്ള നോവലായിരുന്നു ശേഷക്രിയ. ഇങ്ങനെ ഏതാണ്ട് എല്ലാ പാർട്ടി നേതാക്കളുടെയും ഒരു നേർചിത്രം 50 കൊല്ലങ്ങൾക്ക് മുമ്പ് സുകുമാരൻ വരച്ചുവച്ചു.

വിപ്ലവ പാർട്ടിയിൽ കടന്നുകൂടിയ ക്യാൻസറിനെ കുറിച്ചാണ് അന്ന് അദ്ദേഹം എഴുതിയത്. പാർട്ടി മെമ്പറായ പത്രാധിപരുടെ കനത്ത സാമ്പത്തികശേഷി, ഭാര്യാപിതാവിന്റെ സ്വത്ത്, വലിയ ഇരുനില കെട്ടിടത്തിനകത്തെ ജീവിതം, വീട്ടുകാവിലിനായി വിദേശ സങ്കരത്തിൽപ്പെട്ട രണ്ട് പട്ടികൾ, അടുക്കള ജോലിയും കുട്ടികളെ കോൺവന്റെിലെത്തിക്കുന്നതിനും പ്രത്യേകം വേലക്കാരികൾ. ഫോൺ ഇടക്കിടക്ക് ശബ്ദിക്കുന്നു. ഫ്രിഡ്ജിൽ കിടന്ന് പാനീയങ്ങൾ കിളിർന്നു വിറച്ചു. പാവപ്പെട്ടവരെ വിപ്ലവത്തിലേക്ക് നയിക്കേണ്ട ഒരു പാർട്ടി പ്രവർത്തകന്റെ എളിയ ജീവിതമാണിത്.

പിണറായി സഖാവിൻറെ കാലകാലത്തെ പാർട്ടി സഖാക്കളുടെ ജീവിതം മുൻകൂട്ടി എം. സുകുമാരൻ എഴുതിയതാണോ? അതോ സുകുമാരൻ എഴുതിയതിന് അനുസരിച്ച് സഖാക്കൾ ജീവിതം ചിട്ടപ്പെടുത്തിയതാണോ എന്ന് സംശയിക്കാൻ പറ്റും വിധം കാര്യങ്ങൾ മാറി. ഇതെല്ലാം അന്ന് പാർട്ടിയിൽ പറഞ്ഞതിന് പുലയനായ കുഞ്ഞയ്യപ്പൻ സഖാവിനെതിരെ പാർട്ടി നടപടിയെടുത്തു. സവർണ ജാതിക്കാരനായ പാർട്ടി നേതാവിനെതിരെ കുഞ്ഞയ്യപ്പൻ കേന്ദ്ര കമ്മിറ്റിക്ക് പൊളിറ്റ് ബ്യൂറോക്കും പരാതി നൽകി.

കേന്ദ്ര കമ്മിറ്റിയും ബോളിബ്യൂറോയും കുഞ്ഞയ്യപ്പനോട് പറഞ്ഞു നേതൃത്വത്തിനെതിരെ പ്രതിഷേധിക്കുന്നത് വലതുപക്ഷ അവസരവാദത്തിന്റെ ചീഞ്ഞളിഞ്ഞ തലച്ചോറ് കൊണ്ടും ഇടതുപക്ഷ തീവ്രവാദത്തിന്റെ വിഷക്കത്തികൊണ്ടും ആണെന്ന്. പാപം കുഞ്ഞയ്യപ്പൻ പാർട്ടിയുടെ അച്ചടക്കം ലംഘിക്കാതെ ഇടതു തീവ്രവാദത്തിനും വലതുപക്ഷ വ്യതിയാനത്തിനും അടിമപ്പെടാതെ മുന്നോട്ടു നീങ്ങി. അവസാനം പട്ടിണികൊണ്ട് തളർന്നുറങ്ങുന്ന മകൻ കൊച്ചുനാണുവിനെയും ദാരിദ്ര്യം അസ്ഥിപഞ്ജരമാക്കിയ ഭാര്യ കുഞ്ഞോമനയെയും പാർട്ടിക്കാർക്ക് ഫണ്ട് പിരിക്കാൻ കരുതിവെച്ച് മകൻറെ ഊഞ്ഞാൽ കയറിൽ തൂങ്ങിമരിച്ചു. സുകുമാരൻ വരിച്ചിട്ടത് ഇന്നത്തെ കാലത്തെ മാത്രമല്ല എല്ലാ കാലത്തെയും അമിതാധികാര പാർട്ടിയുടെ ഘനയെക്കുറിച്ചാണെന്ന് പിയേഴ്സൺ പറയുന്നു.

Tags:    
News Summary - NM Pearson said that there are nine groups in the party in Kannur.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.