കൊച്ചി: അശ്ലീല സന്ദേശങ്ങളും ഫോട്ടോയും അയച്ച് ശല്യപ്പെടുത്തിയെന്ന പരാതി നൽകി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് അധികൃതരില്‍നിന്ന് നടപടിയില്ലെന്നാരോപണവുമായി യുവതി രംഗത്ത്. തിരുവനന്തപുരം സ്വദേശിയായ സ്വാമി ദത്തത്രേയ സായി സ്വരൂപ നാഥിനെതിരെയാണ് (46) പരാതി നൽകിയത്. എറണാകുളത്തെ സ്വകാര്യ ഹോട്ടലിലെത്തിയ സ്വാമിയെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും തോപ്പുംപടി സ്വദേശിനി വ്യക്തമാക്കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന യുവതി അതിന്റെ ഭാഗമായാണ് സ്വാമിയെ പരിചയപ്പെടുന്നത്. പിന്നീട് സ്വാമി അശ്ലീല വിഡിയോകളും ചിത്രങ്ങളും യുവതിക്ക് അയച്ചുകൊടുത്തതോടെയാണ് പരാതിയുമായി രംഗത്ത് വന്നത്. ഡി.സി.പി ഓഫിസില്‍ നേരിട്ടെത്തി പരാതി പറഞ്ഞപ്പോള്‍ തോപ്പുംപടി സ്റ്റേഷനില്‍ നൽകാനാണ് നിര്‍ദേശിച്ചത്.
തോപ്പുംപടി സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 262/2022 ആയി കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ ഭാഗമായി രണ്ടുതവണ സ്റ്റേഷനിലേക്ക് വിളിച്ച് അർധരാത്രിയിലടക്കം സ്റ്റേറ്റ്മെന്റ് എടുത്തതായും പിന്നീട് ഫോണ്‍ നമ്പറില്ലെന്ന് പറഞ്ഞ് അതേ നമ്പറിലേക്കുതന്നെ വിളിച്ചുപറഞ്ഞ് സ്റ്റേഷനിലേക്ക് വരുത്തിച്ചതായും യുവതി വാർത്തസമ്മേളനത്തില്‍ വ്യക്തമാക്കി. സ്റ്റേറ്റ്മെന്റ് എടുക്കാനും എഫ്.ഐ.ആറിന്റെ പകര്‍പ്പ് നൽകാനുമൊക്കെയായി വിളിപ്പിച്ച് രാത്രി ഏറെ വൈകിയാണ് വിട്ടയച്ചതെന്നും ഇവര്‍ പറഞ്ഞു.
അതിനിടെ സ്വാമിയെ ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ രണ്ടുപേരെ മറ്റൊരു സ്റ്റേഷനില്‍ അറസ്റ്റുചെയ്തത്. സംഭവത്തില്‍ തന്നെയും പിടിക്കുമോയെന്ന ആശങ്കയില്‍ ഭര്‍ത്താവ് മാറി നില്‍ക്കുകയാണെന്നും യുവതി പറഞ്ഞു.
രണ്ടുകുട്ടികളോടൊത്തു കഴിയുന്ന തന്നെ പരിചയമില്ലാത്ത ഒരാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. നിലവില്‍ പരിശോധനയ്ക്കായി ഫോണ്‍ സ്റ്റേഷനില്‍ നൽകണമെന്ന ആവശ്യമാണ് ഇപ്പോള്‍ പൊലീസ് ഉന്നയിക്കുന്നത്. തെളിവു നശിപ്പിക്കപ്പെടുമോയെന്ന ആശങ്കയില്‍ ഫോണ്‍ നൽകിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.