ആലപ്പുഴ: ഒറ്റവരി പാതയാണ്. എതിരെ വണ്ടിവന്നാൽ ഒരു വണ്ടി മാറിനിന്ന് വഴികൊടുക്കണം. ഈ പഴഞ്ചൻ ഏർപ്പാടാണ് തീരദേശപാതയുടെ ഗതികേട്. അടുത്ത കാലത്തൊന്നും ഇതിൽ നിന്ന് മോചനം ലഭിക്കില്ല. മോചനം തേടിയുള്ള നാട്ടുകാരുടെ മുറവിളിക്ക് കേന്ദ്ര സർക്കാർ ചെവികൊടുക്കുന്നുമില്ല. ആലപ്പുഴവഴി തീരദേശ പാതയിലൂടെ എറണാകുളം- തിരുവനന്തപുരം യാത്രക്ക് കണക്ക് പറഞ്ഞാൽ ഒരു മണിക്കൂറോളം ലാഭമുണ്ട്. എതിരെ വരുന്ന വണ്ടിക്കായുള്ള മാറിനിൽപും കാത്ത്കിടപ്പും ചേർന്ന് ഈ സമയലാഭം നാമമാത്രമാക്കുന്നു. കായംകുളം - അമ്പലപ്പുഴ റൂട്ടിൽ മാത്രമാണ് ഇതുവരെ ഇരട്ടവരിയുള്ളത്.
അമ്പലപ്പുഴ മുതൽ എറണാകുളംവരെ 69 കിലോമീറ്റർ ദൂരമാണ് ഇനി ഇരട്ടിപ്പിക്കാനുള്ളത്. ഇതിൽ തുറവൂർ മുതൽ എറണാകുളം വരെ 24 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അവശേഷിക്കുന്ന തുറവൂർ - അമ്പലപ്പുഴ 45 കിലോമീറ്റർ ഭൂമി ഏറ്റെടുക്കൽ നടപടി പോലുമായിട്ടില്ല. ഭൂമി റെയിൽവേ തന്നെ ഏറ്റെടുക്കാമെന്ന് ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ അടക്കം അമ്പലപ്പുഴ - എറണാകുളം പാത ഇരട്ടിപ്പിക്കലിന് നിലവിൽ 1600 കോടിയിൽ പരം രൂപയാണ് കണക്കാക്കുന്നത്. വന്ദേഭാരത് വന്നതോടെ അതിന് വഴിയൊരുക്കാൻ മറ്റെല്ലാ വണ്ടികളും പിടിച്ചിടുന്നത് ആയിരകണക്കിന് യാത്രക്കാരെയാണ് വലക്കുന്നത്.
രാവിലെ 6.35ന് ഗുരുവായൂർ- തിരുവനന്തപുരം ഇൻറർ സിറ്റി ട്രെയിൻ ആലപ്പുഴ സ്റ്റേഷനിൽ നിന്ന് പോയി കഴിഞ്ഞാൽ വൈകിട്ട് 3.35ന് നേത്രാവതി എക്സ്പ്രസ് എത്തുന്നത് വരെ ഈ റൂട്ടിൽ തിരുവനന്തപുരത്തേക്ക് പ്രതിദിന ട്രെയിൻ ഇല്ല. ഈ ഏഴു മണിക്കൂറിനിടെ വരുന്നവയെല്ലാം ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.30 ന് തിരിക്കുന്ന നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ വൈകിട്ടുള്ള വന്ദേഭാരതാണുള്ളത്. ഇതിനിടയിൽ തലസ്ഥാനത്തുനിന്ന് ആലപ്പുഴ വഴി ഒറ്റ വണ്ടിയുമില്ല.
രണ്ടാഴ്ചയായി വന്ദേഭാരത് ഓടി തുടങ്ങിയതോടെ ആലപ്പുഴ സ്റ്റേഷനിൽ നിന്ന് ഉച്ചക്ക് 12.30 തലസ്ഥാനത്തേക്ക് ഒരു വണ്ടികൂടിയായി. പോക്കറ്റ് ചോരുമെന്നതിനാലും മുൻകൂട്ടി ബുക്ക് ചെയ്യണമെന്നതിനാലും സാധാരണക്കാർ യാത്ര ചെയ്യാൻ മടിക്കുന്നു. അതിനാൽ പകൽ തലസ്ഥാന യാത്രക്ക് ബസ് തന്നെ ശരണം. വന്ദേഭാരതിന് വഴിയാരുക്കാൻ ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകൾ തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ല.
എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്നവയിൽ നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ്, പട്ന - എറണാകുളം പ്രതിവാര ട്രെയിൻ, കാരയ്ക്കൽ - എറണാകുളം എക്സ്പ്രസ്, ബറൂണി - എറണാകുളം എന്നിവ തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യവും ഉയരുന്നു.
ജില്ലയിലെ പ്രധാന സ്റ്റേഷനുകളാണ് ആലപ്പുഴ, ചെങ്ങന്നൂർ, കായംകുളം എന്നിവ. ഇവയിൽ ശബരിമല തീർഥാടകരുടെ പ്രധാന ആശ്രയമായ ചെങ്ങന്നൂർ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ പുനർ സംവിധാനം ചെയ്യാൻ നടപടിയായിട്ടുണ്ട്. ഫെബ്രുവരിയിൽ നിർമാണം തുടങ്ങുമെന്നാണ് അറിയിപ്പ്. കായംകുളം ജംഗ്ഷനാണെങ്കിലും പല പ്രധാന വണ്ടികൾക്കും സ്റ്റോപ്പില്ല. എല്ലാവണ്ടികൾക്കും കായംകുളത്ത് സ്റ്റോപ്പ് അനുവദിപ്പിക്കാൻ റെയിൽ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്ന് എ.എം ആരിഫ് എം.പി. പറഞ്ഞു.
ആറ് പാസഞ്ചറുകളാണ് എക്സ്പ്രസ് സ്പെഷൽ ആയി ഓടുന്നത്. ഇതോടെ കുറഞ്ഞ ചെലവിലെ യാത്ര സാധാരണക്കാർക്ക് അന്യമായി. ജില്ലക്കാർ ആശ്രയിക്കുന്ന പ്രധാന വലിയ നഗരം എറണാകുളമാണ്. അവിടേക്ക് കുറഞ്ഞ ചെലവിൽ പോയിവരാനുള്ള മാർഗമാണ് തടസ്സപെട്ടത്. ദേശീയപാത വികസനം തുടങ്ങിയതോടെ അതുവഴിയുള്ള യാത്ര ശാരീരിക ബുദ്ധിമുട്ടുകളും ഏറെ സമയ നഷ്ടവും ഉണ്ടാക്കുന്നു. അതിനാൽ ട്രെയിനുകളെ ആശ്രയിക്കാൻ നാട്ടുകാർ നിർബന്ധിതരാണ്.
തുറവൂർ മുതൽ അരൂർ വരെ 13 കിലോമീറ്റർ റോഡ് യാത്ര ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതിയാണ്. പാസഞ്ചറുകൾ എക്സ്പ്രസുകളാക്കി ഉയർന്ന യാത്രാക്കൂലി ഈടാക്കുന്നതല്ലാതെ കോച്ചുകളുടെ ദുരവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. തുരുമ്പിച്ച് വെണ്ണീറായ കോച്ചുകളിൽ ശുചിത്വം അശേഷമില്ലാത്ത ചുറ്റുപാടിൽ യാത്രചെയ്യാനാണ് ജനങ്ങളുടെ വിധി. ഇതുവഴി ഓടുന്ന എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ രണ്ടെണ്ണം മാത്രമാണ്. രാവിലെയും വൈകുന്നേരങ്ങളിലും സീസൺ ടിക്കറ്റുകാരടക്കം നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം തിങ്ങി ഞെരുങ്ങിയാണ് പലപ്പോഴും യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.