തിരുവനന്തപുരം: ആകാശവാണി നിലയങ്ങളിൽ സർക്കാർ ജീവനക്കാർക്ക് കരാർ അടിസ്ഥാനത്തിൽ വാർത്താ-വിനോദപരിപാടികൾ അവതരിപ്പിക്കാനുള്ള അനുവാദം പ്രസാർ ഭാരതി നിർത്തി. വാർത്താവിഭാഗത്തിലെ കാഷ്വൽ അനൗൺസർമാർ, ന്യൂസ് റീഡർമാർ, എഡിറ്റർമാർ, അവതാരകർ മുതൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കാണ് പുതിയ ഉത്തരവ് തടസ്സമാകുന്നത്. സർവിസ് ചട്ടപ്രകാരം ഒരേസമസം രണ്ട് വേതനം പറ്റുന്ന ഉത്തരവാദിത്തം നിർവഹിക്കാൻ പാടിെല്ലന്ന വ്യവസ്ഥ നടപ്പിലാക്കാനാണ് കേന്ദ്ര തീരുമാനം. പല ഘട്ടങ്ങളിലായാണ് പുതിയ തീരുമാനം പ്രസാർ ഭാരതി നടപ്പാക്കിയത്. ആകാശവാണിയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ പട്ടികയാണ് ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് ആകാശവാണിയിലെ ജോലി തുടരാൻ അതാത് വകുപ്പുകളിൽനിന്ന് എൻ.ഒ.സി ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലും കലാകാരന്മാർ എന്ന പരിഗണനയിലുമാണ് ആവശ്യമായ ഘട്ടങ്ങളിൽ ആകാശവാണി നിലയങ്ങളിൽ പുറത്ത് നിന്നുള്ളവരുടെ സഹായം തേടിയിരുന്നത്. പ്രതിമാസം ആറ് ഡ്യൂട്ടികളാണ് കാഷ്വൽ വിഭാഗത്തിന് നൽകുന്നത്.
പുലർച്ചെ അഞ്ചിന് തുടങ്ങി രാത്രി 11ന് അവസാനിക്കുന്ന പ്രവർത്തനസമയത്തിൽ വിവിധ ഷിഫ്റ്റുകളാണ് കാഷ്വൽ ജീവനക്കാർക്ക് നൽകുന്നത്. ആവശ്യമെങ്കിൽ മാത്രം പരിഗണിക്കും എന്നതാണ് ഇവർക്കുള്ള കരാറിലെ നിബന്ധന. നടപടി കർശനമാക്കിയതോടെ സംസ്ഥാനത്ത് വാർത്ത-വിനോദപരിപാടികൾ അവതരിപ്പിച്ചിരുന്ന 250 പേരെയാണ് ഒഴിവാക്കിയത്. വർഷങ്ങളായി ജോലിചെയ്തുവന്ന അനുഭവസമ്പന്നരെ ഒറ്റയടിക്ക് ഒഴിവാക്കിയത് നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വിശേഷിച്ചും സ്വകാര്യ എഫ്.എം സ്റ്റേഷനുകൾ ജനകീയപരിപാടികളുമായി സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ. സർക്കാർ ജീവനക്കാരെ ഒഴിവാക്കി പുതിയ കാഷ്വൽ പാനൽ തയാറാക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ, ഇരട്ടവേതനം പറ്റുന്നവരെ ഒഴിവാക്കുന്നതിലൂടെ തൊഴിലില്ലാത്തവർക്ക് അവസരം ലഭിക്കുമെന്നതാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.