തിരുവനന്തപുരം: റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ലെന്നും ധനമന്ത്രി പി. രാജീവ്. കേന്ദ്രം അനുമതി തന്നില്ലെങ്കിൽ മുന്നോട്ടുപോകുന്നതിൽ തടസങ്ങളുണ്ടാകും. ഇതാണ് മുഖ്യമന്ത്രിയും സൂചിപ്പിച്ചത്. തത്ത്വത്തിലുള്ള അനുമതിയിൽ എന്തൊക്കെ പറ്റുമോ അതേ ഇപ്പോൾ ചെയ്യാനാകൂ. ഇത് ആദ്യം മുതൽ പറയുന്നതാണെന്നും പി. രാജീവ് വ്യക്തമാക്കി .
മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് 'പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകുന്നുവോ' എന്ന ചോദ്യങ്ങൾ ഉയരുന്നതിന് കാരണം. ആധുനിക മാധ്യമപ്രവർത്തനത്തിന്‍റെ പ്രധാന രീതി പ്രതീതി നിർമാണമാണ്. പ്രതീതികൾ തുടർച്ചായി സൃഷ്ടിച്ചാൽ പ്രതീതിയേത്, യാഥാർഥ്യമേത് എന്നത് നിർമിച്ചവർക്കു തന്നെ പിടികിട്ടിയില്ലെന്നും മീറ്റ് ദി പ്രസ് പരിപാടിയിൽ മന്ത്രി പറഞ്ഞു.
'തൃക്കാക്കരയിലേത് രാജീവിന്‍റെ വ്യക്തിപരമായ സ്ഥാനാർഥി ആയിരുന്നോ', എന്ന ചോദ്യത്തിന് 'അതൊക്കൊ നേരത്തേ പറഞ്ഞതല്ലേ ഇടതുമുന്നണിയിൽ ഏതെങ്കിലും ഒരു വ്യക്തിയുടെ സ്ഥാനാർഥി വരുമോ' എന്നായിരുന്നു മറുചോദ്യം. ഭരണപക്ഷം തെരഞ്ഞെടുപ്പിനുമുമ്പ് എങ്ങനെയാണോ ഇപ്പോഴും അതേ ശക്തിയിൽ തന്നെയാണ്. പ്രതിപക്ഷത്തിന്‍റെ അംഗസംഖ്യയിലും വ്യത്യാസം വന്നില്ല. രാഷ്ട്രീയമായി കേരളത്തിലെ യു.ഡി.എഫിന്റെ ആദ്യത്തെ അഞ്ച് മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര.
ഇടതുവിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ എന്തുണ്ടാകുമെന്ന് നേരത്തേ തന്നെ വിലയിരുത്തിയിരുന്നു. ഇതിൽ ഭിന്നതയുണ്ടാക്കി ഇടതുമുന്നണിക്ക് അനുകൂലമാക്കാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് വരുമ്പോഴുണ്ടാകുന്ന പല ഘടകങ്ങളായിരിക്കും ജയത്തെ സ്വാധീനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.