തിരുവനന്തപുരം: സിൽവർ ലൈനിനായി സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികൾക്കുള്ള കാലാവധി പുതുക്കി നൽകുന്നതിനുള്ള സാധ്യതയും മങ്ങുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതും വിദേശ വായ്പക്ക് വഴിയടഞ്ഞതുമായ സാഹചര്യത്തിൽ പഠനം തുടരേണ്ടതില്ലെന്ന അഭിപ്രായം സർക്കാറിലും മുന്നണിയിലും ശക്തമാണ്. ഇത് സംബന്ധിച്ച് മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിച്ച ഫയൽ രണ്ട് മാസമായിട്ടും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിയമപ്രകാരം, സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികൾക്ക് പുനർവിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കി നൽകുന്ന രീതിയില്ല. നിശ്ചിത കാലയളവിനുള്ള പഠനം പൂർത്തിയാക്കാത്ത പക്ഷം ഏജൻസിയെ ഒഴിവാക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. എന്നാൽ സിൽവർ ലൈൻ വിഷയത്തിൽ ഏജൻസികളുടെ കുഴപ്പം കൊണ്ടല്ല പഠനം പൂർത്തിയാക്കാത്തതെന്നും പ്രതിഷേധങ്ങൾ മൂലമാണെന്നും അതുകൊണ്ട് പുനർവിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കി നൽകണമെന്നായിരുന്നു കെ-റെയിലിന്റെ ആവശ്യം. ഇക്കാര്യം റവന്യൂവകുപ്പ് നിയമവകുപ്പിന്റെ പരിശോധനക്ക് വിട്ടു. കെ-റെയിൽ നിലപാട് ശരിയാണെന്ന് നിയമവകുപ്പ് വ്യക്തമാക്കി. എന്നാൽ മന്ത്രിസഭ പാസാക്കണമെന്നായിരുന്നു ഉപാധി. ഇതിനായി സമർപ്പിച്ചെങ്കിലും മാസം രണ്ടാകുമ്പോഴും വിഷയം ഇതുവരെ മന്ത്രിസഭ അജണ്ടയിൽ ഉൾപ്പെട്ടിട്ടില്ല.
തത്ത്വത്തിൽ സർവേ-സാമൂഹികാഘാത നടപടികൾ നിലച്ച മട്ടാണ്. കെ-റെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള അനുകൂല പ്രചാരണങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുകിട്ടുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കേണ്ടത് ഏപ്രില്‍ ആദ്യവാരമായിരുന്നു. മറ്റ് ജില്ലകളിൽ തൊട്ടടുത്ത മാസങ്ങളിലും. എന്നാൽ ഈ സമയപരിധിക്കുള്ളിൽ പഠനം എങ്ങുമെത്തിയിരുന്നില്ല. സാമൂഹികാഘാത പഠനത്തിനായി ഇതുവരെ ചെലവിട്ടത് 20.50 കോടി രൂപയാണ്. സാമൂഹികാഘാത പഠനത്തിന്റെ പേരിലെ ബലംപ്രയോഗിച്ചുള്ള കല്ലിടൽ സർക്കാർ അവസാനിപ്പിച്ചെങ്കിലും ഇതിനായി മാത്രം ചെലവഴിച്ചത് 1.33 കോടിയാണ്.
സിൽവർലൈൻ നീക്കം ഇവിടെവരെ
•കേന്ദ്രാനുമതിക്കായി ഡി.പി.ആര് സമര്‍പ്പിച്ചത് 2020 ജൂണിൽ; തീരുമാനം അനിശ്ചിതമായി നീളുന്നു.
•പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി ഡെപ്യൂട്ടേഷനിൽ നിയോഗിച്ചത് 205 ഉദ്യോഗസ്ഥരെ. അവരെ റവന്യൂ വകുപ്പ് തിരിച്ചുവിളിച്ചേക്കുമെന്ന് അഭ്യൂഹം.
•2022 മെയ് മാസമാണ് പദ്ധതി സർവേയുടെ ഭാഗമായ മഞ്ഞ കുറ്റിയിടൽ നിർത്തിയത്; അതിരടയാളമിടാൻ ജിയോ ടാഗിങ് മതിയെന്ന് പിന്നീട് ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.