ഈരാറ്റുപേട്ട: ഭൂവിസ്തൃതിയിൽ ജില്ലയിലെ ഏറ്റവും വലിയ അസംബ്ലി നിയോജക മണ്ഡലമാണ് പൂഞ്ഞാർ. എന്നാൽ, ഒരു സിവിൽ സ്റ്റേഷൻപോലും ഇവിടെ ഇല്ലെന്നതാണ് മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് പൂഞ്ഞാറിന്റെ പ്രധാന കുറവ്. അതിനാൽത്തന്നെ ഈരാറ്റുപേട്ടയിലെ സർക്കാർ ഓഫിസുകളിൽ ഭൂരിഭാഗവും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാറിന് വരുമാനം ലഭ്യമാക്കുന്ന വില്ലേജ് ഓഫിസിന്റെ പ്രവർത്തനം ഒറ്റമുറി കെട്ടിടത്തിലാണ്.
നിന്നു തിരിയാൻപോലും സ്ഥലമില്ലാതെ ജീവനക്കാരും ഓഫിസിലെത്തുന്ന നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. ഈ വില്ലേജിന്റെ പരിധിയിൽ 50,000 പേർ വസിക്കുന്നുണ്ട്. പതിനായിരത്തോളം വീടുകളുമുണ്ട്. സർക്കാർ ഓഫിസുകളെല്ലാം കേന്ദ്രീകൃത കെട്ടിടത്തിലേക്ക് മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന നഗരാസൂത്രണ വകുപ്പ് ( തദ്ദേശ വകുപ്പ് പ്ലാനിങ്) തയാറാക്കി സംസ്ഥാന സർക്കാർ അംഗീകരിച്ച ജി.ഒ (എം.എസ്) നമ്പർ 134/2020 എൽ.എസ്.ജി.ഡി 14-09-2020 തീയതിയിലെ സർക്കാർ ഉത്തരവിലെ ഈരാറ്റുപേട്ട മാസ്റ്റർ പ്ലാനിൽ വടക്കേക്കരയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ ഭൂമി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
2021 ഡിസംബർ 30ന് ഈരാറ്റുപേട്ട നഗരസഭയിൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ കൂടിയ സർവകക്ഷി യോഗം വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ സിവിൽ സ്റ്റേഷൻ പണിയണമെന്ന് ഐകകണ്ഠ്യേന സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2021- 22ലെ സംസ്ഥാന ബജറ്റിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് 10 കോടി വകയിരുത്തിയതാണ്.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന സർക്കാർ ഭൂമിയിൽ ഒരേക്കർ 40 സെന്റ് സ്ഥലം സിവിൽ സ്റ്റേഷൻ നിർമാണത്തിനും സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണത്തിനും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കലക്ടർ ലാൻഡ് റവന്യൂ കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ബാക്കിയുള്ള ഒരേക്കർ 40 സെൻറ് സ്ഥലം പൊലീസ് സ്റ്റേഷനും അനുബന്ധ ആവശ്യത്തിനും ഉപയോഗിക്കാമെന്ന് കലക്ടറും ജില്ല പൊലീസ് മേധാവിയും ലാൻഡ് റവന്യൂ കമീഷണറും ചേർന്ന് 2022 ഒക്ടോബറിലെ ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചിരുന്നു. ലാൻഡ് റവന്യൂ കമീഷണർ റവന്യൂ (എം) വകുപ്പിൽ ഇതുസംബന്ധിച്ച് റിപ്പോർട്ടും സ്കെച്ചും നൽകിയിട്ടുണ്ട്.
എന്നാൽ, സർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല. 1920ലാണ് ഈരാറ്റുപേട്ടയിൽ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. പിന്നീട് വിഭജിച്ച് 1979ൽ മേലുകാവിലും 1983ൽ തിടനാടും പുതിയ പൊലീസ് സ്റ്റേഷനുകളുണ്ടായി. വടക്കേക്കരയിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ കൂടാതെ പൊലീസ് ക്വാർട്ടേഴ്സും പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡിവൈ.എസ്.പി ഓഫിസും സ്ഥിതി ചെയ്യുന്നു. ഡിവൈ.എസ്.പി ഓഫിസ് സ്ഥിതി ചെയ്യുന്നത് പഴയ ഓടിട്ട കെട്ടിടത്തിലാണ്.
ഈരാറ്റുപേട്ട പട്ടണത്തിന്റെ ഹൃദയ ഭാഗമായ സെൻട്രൽ ജങ്ഷനിൽനിന്ന് 200 മീറ്റർ അകലത്തിൽ നിർദിഷ്ട ഭൂമി സ്ഥിതി ചെയ്യുന്നതിനാൽ എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് എളുപ്പത്തിൽ ഇവിടെ എത്താൻ കഴിയും. വികസനരംഗത്ത് ഏറ്റവും അവഗണന നേരിടുന്ന വടക്കേക്കര പ്രദേശത്തിന്റെ വികസനത്തിനും സഹായകരമാകും. സബ്ട്രഷറി, സബ് രജിസ്ട്രാർ ഓഫിസ്, എക്സൈസ് റേഞ്ച് ഓഫിസ്, കൃഷിഭവൻ, വാട്ടർ അതോറിറ്റി ഓഫിസ്, എ.ഇ. ഓഫിസ്, കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ്, മാർമല ഇലക്ട്രോ പ്രോജക്ട് ഓഫിസ് എന്നിവക്കായി മാസംതോറും ലക്ഷക്കണക്കിന് രൂപയാണ് വാടകനൽകാനായി സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.
സിവിൽ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. നിലവിൽ ഈ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളെല്ലാം പഴയകാല നിർമിതി ആയതിനാൽ വയോജന- ഭിന്നശേഷി സൗഹൃദവുമല്ല. നിർദിഷ്ട സർക്കാർ ഭൂമിയിൽതന്നെ മിനി സിവിൽ സ്റ്റേഷനും വില്ലേജ് ഓഫിസും ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.