വിഴിഞ്ഞം ചർച്ചയിൽ സമവായമില്ല; ഉപരോധം പൂർണം

തിരുവനന്തപുരം: സർക്കാർ തള്ളിയിട്ടും വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപരോധസമരം തുടർച്ചയായ ഒമ്പതാം ദിവസവും സമ്പൂർണ വിജയം. അതേസമയം, മന്ത്രിമാരുമായുള്ള സമരസമിതിയുടെ ചർച്ച സമവായത്തിലെത്താതെ പിരിഞ്ഞു. ഇതോടെ ഉപരോധ സമരം ശക്തമായി തുടരാൻ സമരസമിതി തീരുമാനിച്ചു. നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ചയും നിർത്തിവെച്ചു.

കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് ഇടവകകൾക്ക് കീഴിലുള്ളവരാണ് ബുധനാഴ്ച സമരം നടത്തിയത്. ബാരിക്കേഡുകൾ തള്ളിമാറ്റി തുറമുഖ പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ കൊടിനാട്ടി. സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രി വാശിവെടിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ടാണ് മന്ത്രിമാരായ ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ എന്നിവരുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് എന്നിവർ ചർച്ച നടത്തിയത്. തുറമുഖ നിർമാണം നിർത്തിവെച്ച് ആഘാതപഠനം നടത്തണമെന്ന സുപ്രധാന ആവശ്യം മന്ത്രിമാർ തള്ളി. പുറത്തുനിന്നുള്ളവർ സമരത്തിലുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ സമരസമിതി നേതാക്കൾ അമർഷം പ്രകടിപ്പിച്ചു. അടിയന്തര പ്രമേയത്തിന് മറുപടി പറയവേ ഉണ്ടായ പരാമർശമാണ് അതെന്നും മനഃപൂർവമല്ലെന്നും മന്ത്രിമാർ വിശദീകരിച്ചു. സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ചതേയില്ല. 27ന് പുനരധിവാസ പദ്ധതി സംബന്ധിച്ച ചർച്ച നടത്താമെന്ന ധാരണയിൽ പിരിഞ്ഞു.

Tags:    
News Summary - No consensus on Vizhinjam discussion; The blockade is complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.