പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, കെ, സുരേന്ദ്രൻ

ഏറ്റുമുട്ടാനില്ല; ബി.ജെ.പിയിൽ സൗന്ദര്യപിണക്കം മാത്രം

തിരുവനന്തപുരം: പുനഃസംഘടനയിൽ ബി.ജെ.പി നേതൃത്വത്തിന് എതിരായി പ്രബല വിഭാഗത്തിന്‍റെ പ്രതിഷേധം പുറത്തുവരുമ്പോഴും ഏറ്റുമുട്ടലിന്‍റെ സ്വരമുയരുന്നില്ല. വിയോജിപ്പുകളുടെ പ്രതീകമായുള്ള നടപടികളിലേക്ക് മാത്രം ഒതുങ്ങുകയാണ്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവരുള്ള വാട്സപ് ഗ്രൂപ്പിൽ നിന്ന് പി.കെ. കൃഷ്ണദാസ് പക്ഷത്തെ മൂന്ന് നേതാക്കൾ പുറത്ത് പോയതിന് പിന്നാലെ സംസ്ഥാന സമിതിയംഗമായ അലി അക്ബർ സമിതയംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ പുനഃസംഘടനയിൽ കേന്ദ്ര നേതൃത്വം കെ. സുരേന്ദ്രന്‍റെ നിലപാടുകൾക്കൊപ്പം നിന്നതും ആർ.എസ്.എസിന്‍റെ നിശബ്ദതയുമാണ് എതിർവിഭാഗത്തെ കടുത്ത പ്രതികരണങ്ങളിൽ നിന്ന് പിൻവലിപ്പിക്കുന്നതെന്നാണ് സൂചന.

ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ച അലി അക്ബറിന്‍റെ പ്രതിഷേധത്തിന് പിന്നിലും പുനഃസംഘടനയിലെ അതൃപ്തിതന്നെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ആർ.എസ്.എസ് താൽപര്യം കൊണ്ട് മാത്രം ബി.ജെ.പി സംസ്ഥാന സമിതിയിലേക്ക് എത്തിയ നേതാവാണ് അലി അക്ബർ. പൗരത്വ വിഷയത്തിൽ അടക്കം ഹിന്ദുത്വ നിലപാടിൽ ഉറച്ച് നിന്നിട്ടും ഒഴിവാക്കപെട്ടതാണ് ചൊടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്‍റിനെ വിമർശിച്ചതിന് സസ്പെൻഡ് ചെയ്യപെട്ട മുൻ സെക്രട്ടറി എ.കെ. നസീറിനോടുള്ള െഎക്യദാർഡ്യ പ്രകടനമായി തന്‍റെ രാജിയെ കൂട്ടിയിണക്കാനാണ് അലി അക്ബറിന് താൽപര്യവും. ആർ.എസ്.എസ് നേതൃത്വത്തിലെ നിശ്ബദതയും രാജിക്ക് വേഗത കൂട്ടി. എന്നാൽ, എടുത്തുചാടിയുള്ള നടപടിയോട് ആർ.എസ്.എസ് നേതാക്കളിൽ പലർക്കും വിയോജിപ്പുമുണ്ട്.

സുരേന്ദ്ര പക്ഷത്തിന്‍റെ സംസ്ഥാന ഘടകത്തിലെ മേൽക്കോയ്മക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്‍റെ സംരക്ഷണമാണ് കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തുന്നതെങ്കിലും പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കാത്തതിൽ പ്രവർത്തകർക്കിടയിലും അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പുകളിൽ എ പ്ലസ് മണ്ഡലങ്ങളിൽ മൽസരിക്കുകയും പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിലും നൽകുന്ന ഭരവാഹിത്വ സ്ഥാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന നേതാക്കളുടെ പ്രതിഷേധം പ്രകടനമാണെന്ന ആക്ഷേപവുമുണ്ട്.

ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്കുള്ള ഗ്രൂപ്പിൽ നിന്ന് പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ് എന്നിവരുടെ പുറത്ത് പോകൽ സംസ്ഥാന നേതൃത്വം കേന്ദ്ര ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. നേരത്തെ വക്താവ് സ്ഥാനം രാജിവെക്കുകയും ഗ്രൂപ്പിൽ നിന്ന് വിട്ട്പോവുകയും ചെയ്ത എം.എസ്. കുമാർ സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് മൂന്ന് നേതാക്കളുടെയും നടപടിയെ ഗ്രൂപ്പ് പ്രവർത്തനമായാണ് നേതൃത്വം കാണുന്നത്.

Tags:    
News Summary - no fight in bjp only beauty strife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.