കണ്ണൂർ: സർക്കാർ വിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ 12,000ലേറെ ഖാദി തൊഴിലാളികളുടെ മിനിമം വേതനം മുടങ്ങി. രാജ്യത്ത് ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി നടപ്പാക്കിയ ഏക സംസ്ഥാനത്താണ് ഈ സ്ഥിതി. കഴിഞ്ഞ ബജറ്റിൽ ഖാദി മേഖലക്ക് പ്രഖ്യാപിച്ച 16 കോടിയിൽ എട്ടുകോടിയാണ് ആകെ ലഭിച്ചത്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ബാക്കി പിടിച്ചുവെച്ചത്. തുച്ഛ വേതനമാണ് ഖാദി തൊഴിലാളികളുടേത്. രാവിലെ മുതൽ വൈകീട്ടുവരെ തൊഴിലെടുത്താൽ നൂറോ ഇരുനൂറോ രൂപയാണ് ലഭിക്കുക.
മാസം പരമാവധി 15 ദിവസമാണ് തൊഴിൽതന്നെ ഉണ്ടാവുക. ഈ ദയനീയ സ്ഥിതി അൽപമെങ്കിലും മാറ്റാനാണ് സർക്കാർ വിഹിതവും ചേർത്ത് മിനിമം കൂലി നടപ്പാക്കിയത്. ഒരുകൈ നൂല് (ആയിരം മീറ്റർ) ഉൽപാദിപ്പിക്കുന്നതിന് 14.90 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക. ഇതിൽ 10 രൂപ അതത് ഖാദി സ്ഥാപനവും ശേഷിക്കുന്ന 4.90 രൂപ സർക്കാരും നൽകണമെന്നാണ് വ്യവസ്ഥ. സർക്കാർ വിഹിതംകൂടി ലഭിച്ചാൽ മിനിമം കൂലിയായി 400 രൂപ തൊഴിലാളികൾക്ക് കിട്ടും. സർക്കാർ നൽകേണ്ട ഈ വിഹിതം മുടങ്ങിയതിനാൽ 200 രൂപയിലും താഴെയാണ് മിക്ക തൊഴിലാളികൾക്കും ലഭിക്കുന്നത്. റിബേറ്റ് ഇനത്തിൽ 50 കോടിയോളം രൂപ ഖാദിമേഖലക്ക് ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.