ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിർണയിക്കരുതെന്ന് രാഹുൽ ഗാന്ധി. എല്ലാവർക്കും അവരവരുടെ കൂടെ നിൽക്കുന്നവരെ സ്ഥാനാർഥികളാക്കണം എന്നുണ്ടാകും. എന്നാൽ, ഇത് മാറ്റിവെക്കണം. പാർട്ടിക്ക് താൽപര്യമുള്ള വിജയസാധ്യതയുള്ള നേതാക്കളെ സ്ഥാനാർഥികളാക്കണമെന്നും സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധി കർശന നിർദേശം നൽകി.
ഉമ്മൻചാണ്ടിയെ മേൽനോട്ട സമിതി നേതൃത്വത്തിൽ കൊണ്ടുവന്നത് ആലോചിച്ചെടുത്ത തീരുമാനമാണ്. മേൽനോട്ടസമിതിക്ക്നേതൃത്വം നൽകും എന്നതിനിർഥം അദ്ദേഹം മുഖ്യമന്ത്രിയാകും എന്നല്ല. മുഖ്യമന്ത്രിപദത്തിലേക്ക് ഡൽഹിയിൽനിന്ന് ആരെയും പരിഗണിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനാഥി ആരാകും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ശശി തരൂരിന് യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും സ്വതന്ത്ര നിലപാട് എടുക്കുന്നവർക്കും ഇടയിലുള്ള സ്വാധീനമാണ് അദ്ദേഹത്തെ മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്താൻ കാരണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
സ്ഥാനാർഥികളായി പുതുമുഖങ്ങളെ കൊണ്ടുവരണം. മേൽനോട്ട സമിതിക്ക് സ്ഥാനാർഥി നിർണയത്തിൽ ഒരു റോളുമുണ്ടാകില്ല. അതിനായി തെരഞ്ഞെടുപ്പ് സമിതിയും സ്ക്രീനിങ് കമ്മിറ്റിയും രൂപവത്കരിക്കും. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും തെരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷൻ. സ്ഥാനാർഥി നിർണയം സംബന്ധിച്ച അന്തിമ തീരുമാനം സ്ക്രീനിങ് കമ്മിറ്റിയായിരിക്കും കൈക്കൊള്ളുക. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലാതലങ്ങളിൽ എം.പിമാർ നേതൃത്വം നൽകണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.