ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന ബൂത്ത് ലവൽ ഓഫീസർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവോണ ദിവസം പട്ടിണി സമരം നടത്തും. ഓണത്തോടനുബന്ധിച്ച് സമസ്തമേഖലകളിലും വിവിധങ്ങളായിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴും ഇരുപത്തിയയ്യായിത്തിലധികം വരുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ കഴിഞ്ഞ ഒരു വർഷം ചെയ്ത ജോലിയുടെ ഓണറേറിയം പോലും നൽകിയിട്ടില്ല. കഴിഞ്ഞവർഷം നടത്തിയ ജോലിയുടെ ഓണറേറിയം 7200 രൂപ സെപ്റ്റംബർ ആയിട്ടും നൽകിയിട്ടില്ലെന്നും ബുത്ത് ലെവൽ ഓഫീസർമാരുടെ കൂട്ടായ്മ ആരോപിച്ചു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്ത തുക പോലും ഈയിടെയാണ് ലഭിച്ചത്. ബൂത്ത് ലെവൽ ഓഫീസർമാർ വളരെ കഠിനമായ ജോലികൾ ചെയ്യുമ്പോഴും വളരെ തുച്ഛമായ പ്രതിഫലവും അതും വളരെ കാലതാമസത്തോടെയാണ് ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകളിൽ പോയി സ്ലിപ്പ് വിതരണം, പോസ്റ്റൽ ബാലറ്റിനുവേണ്ടി ഉദ്യോഗസ്ഥർക്ക് വഴികാട്ടിയായി പോയത് തുടങ്ങിയ ജോലികൾക്കായി ബൂത്ത് ലെവൽ ഓഫീസർമാർ ഏകദേശം പതിനഞ്ചു ദിവസത്തോളം ജോലി ചെയ്യുകയുണ്ടായി. എന്നാൽ അതിന്റെ പ്രതിഫലമായി കേവലം ഒരു ദിവസത്തെ വേതനമായ 650/- രൂപ മാത്രമാണ് പലർക്കും ലഭിച്ചത്. അതുപോലെ ഇലക്ഷൻ ദിവസം രാവിലെ 05.00 മുതൽ വൈകുന്നേരം 07.30 വരെ ബൂത്തിൽ ജോലി നോക്കിയ വകയിൽ മറ്റെല്ലാ ഉദ്യോഗസ്ഥരും അന്നുതന്നെ പ്രതിഫലം വാങ്ങി പോകുമ്പോൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് പ്രതിഫലം കിട്ടുന്നത് മാസങ്ങൾക്ക് ശേഷമാണ്.
അതുകൂടാതെ ഇപ്പോൾ ആധാർ ലിങ്കിങ്ങ് എന്ന പുതിയ ജോലി അടിച്ചേൽപ്പിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ബൂത്ത് ലെവൽ ഓഫീസർമാർ വീടുവീടാന്തരം കയറിയിറങ്ങി ആധാർ നമ്പർ ശേഖരിച്ചിട്ടുള്ളതും അത് വെറും പാഴ്ജോലി ആയി മാറുകയും ചെയ്തിട്ടുള്ളതുമാണ്. ആ ജോലിക്ക് യാതൊരു പ്രതിഫലവും ഇന്നേവരെ ലഭിച്ചിട്ടില്ല.
ഇപ്പോൾ വീട് വീടാന്തരം കയറിയിറങ്ങി വോട്ടർമാരുടെ ആധാർ വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകളായ വോട്ടേഴ്സ് ഹെൽപ്പ് ലൈൻ, ഗരുഡാ ആപ്പ് തുടങ്ങിയവ വഴി ഓൺലൈൻ ആയിട്ടാണ് ഫോമുകൾ പൂരിപ്പിക്കേണ്ടതും സമർപ്പിക്കേണ്ടതും. ഇപ്പോൾ ആധാർ ലിങ്കിങ്ങും ഓൺലൈൻ ആയി ആണ് ബൂത്ത് ലെവൽ ഓഫീസർമാർ ചെയ്യേണ്ടത്. ആധാർ ലിങ്കിങ്ങിനു മാത്രം തന്നെ ദിവസേന മൂന്ന് ജി. ബി. ഇന്റർനെറ്റ് ഡാറ്റാ ആകുന്നുണ്ട്. ഇതുകൂടാതെ ഫീൽഡ് വർക്ക് ചെയ്യുമ്പോൾ പട്ടി കടി അടക്കമുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ആയതിനാൽബൂത്ത് ലെവൽ ഓഫീസർ മാർക്ക് ഇൻഷുറൻസ് പരിരക്ഷയും അത്യാവശ്യമാണ്.
എല്ലാ ബി.എൽ.ഒ മാർക്കും എക്കാലത്തേക്കും ബാധകമാകും വിധം ഇൻഷുറൻസ് പരിരക്ഷ അനുവദിക്കുക, (ഇപ്പോൾ തെരഞ്ഞെടുപ്പ് സന്ദർഭങ്ങളിൽ മാത്രമേ ലഭിക്കുന്നുള്ളൂ), ഓണറേറിയം വില സൂചികയുമായി ബന്ധപ്പെടുത്തി കാലോചിതമായി പരിഷ്ക്കരിച്ച് കാലവിളംബം വരാത്താതെ ഉടൻ അനുവദിക്കുക, ടെലിഫോൺ അലവൻസ് കാലോചിതമായി പരിഷ്കരിക്കുക അല്ലെങ്കിൽ വോട്ടേഴ്‌സ് ഐഡി ആധാറുമായി ലിങ്ക് ചെയ്യുന്നതിന് നെറ്റ് ചാർജ് ചെയ്യാൻ പണം ഉടൻ അനുവദിക്കുക, കഴിഞ്ഞ വർഷത്തെ ഓണറേറിയം എത്രയും വേഗം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.