ബാങ്കിൽ 46000, കൈയിൽ ആയിരം, വീടും വാഹനവുമില്ലെന്ന്​ കുമ്മനത്തിന്‍റെ സത്യവാങ്​മൂലം

തിരുവനന്തപുരം: നേമത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരൻ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ലായ്മകളുടെ നീണ്ടനിര. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു വലിയ നിരയാണ് സത്യവാങ്മൂലത്തിൽ.

സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബി.ജെ.പി സംസ്ഥാന ഓഫീസിന്‍റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ ലഭിച്ച മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്‍റെ വിശദീകരണം.

കുമ്മനം രാജശേഖരന്‍റെ കൈയിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്. ഇതാണ് ആകെ സമ്പാദ്യമെന്നാണ് സത്യവാങ്മൂലത്തിൽ കുമ്മനം രാജശേഖരൻ പറയുന്നത്.

അതേസമയം, കുമ്മനം രാജശേഖരൻ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ഇല്ലായ്മകളുടെ നീണ്ട നിര ആഘോഷിക്കുന്ന തരത്തിലെ റിപ്പോർട്ടുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. വേറെയും ചില 'ഇല്ലായ്മ'കളുണ്ടെന്നും അത് കുമ്മനത്തിൻെറ ഇല്ലായ്മകളല്ല, സംഘപരിവാർ ജനുസ്സിൽപ്പെട്ട സകലരുടെയുമാണെന്ന് ഫേസ്ബുക്കിൽ സഹദേവൻ കെ. ''ഇല്ലായ്മ'കളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക' എന്ന പേരിലെഴുതിയ കുറിപ്പിൽ വിമർശിക്കുന്നു.
ഭരണഘടനയോട് കൂറില്ലായ്മ, ജനാധിപത്യത്തിൽ വിശ്വാസമില്ലായ്മ, മാനവികതയോട് ആദരവില്ലായ്മ, ഇതര മതങ്ങളോട് സഹിഷ്ണുതയില്ലായ്മ, മതനിരപേക്ഷതയെ അംഗീകരിക്കായ്ക, ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കായ്ക, വൈവിധ്യങ്ങളെ ഉൾക്കൊള്ളായ്ക... ഈ ഇല്ലായ്കകളാണ് രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്നത് -സഹദേവൻ കെ. എഴുതുന്നു.

Full View


Tags:    
News Summary - No house, no vehicle, no loan, no investment, Kummanam's affidavit discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.