തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഏതെങ്കിലും പ്രത്യേക വ്യക്തിക്കെതിരെ ആരോപണമോ പരാമർശമോ ഇല്ലെന്നും പൊതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി സാധ്യമല്ലെന്നും മുൻ മന്ത്രിയും എം.എൽ.എയും ആയ എ.കെ. ബാലൻ. മൊഴി വെളിപ്പെടുത്തുകയും ആരുടെയെങ്കിലും പേര് പുറത്തുവരികയും ചെയ്താൽ നിയമ നടപടി സ്വീകരിക്കാം. അത് വെളിപ്പെടുത്തില്ലെന്ന് കമീഷൻ തന്നെ ഉറപ്പുനൽകി. റിപ്പോർട്ട് പൂഴ്ത്തിവെക്കേണ്ട കാര്യം സർക്കാറിനില്ലെന്നും കോവിഡും സാങ്കേതിക പ്രശ്നങ്ങളുമാണ് റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതെന്നും എ.കെ. ബാലൻ പറഞ്ഞു.
“ജോലി സ്ഥലത്ത് തൊഴിലാളികൾക്ക് സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിന്‍റെ ഭാഗമായി തൊഴിലിടങ്ങളിൽ ഇത്തരം വിഷയങ്ങൾ പരിശോധിക്കാൻ ഐ.സി.സി നിർബന്ധമായി. എന്നാൽ സിനിമാ മേഖലയിൽ ലൊക്കേഷനുകൾ മാറുന്നതിനാൽ തൊഴിലിടത്തേക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് വ്യക്തത വരുത്തിയെന്നു മാത്രമല്ല, സിനിമ ചിത്രീകരിക്കുന്ന വേളയിൽ ആദ്യം ഐ.സി.സി രൂപവത്കരിച്ച ശേഷം മാത്രമേ ഷൂട്ടിങ് പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ഇതിന്‍റെ ചെയർമാൻ പുറത്തുനിന്നുള്ള ഒരു അഭിഭാഷകനായിരിക്കും. ബാക്കിയുള്ളവർ സമൂഹത്തിലെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രധാന ആളുകളായിരിക്കും. ഏതൊരാൾക്കും ഈ കമ്മിറ്റിയിലേക്ക് പരാതി നൽകാം.
അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ സിവിൽ, ക്രിമിനൽ ഇടപെടലുകൾ ആവശ്യമായിവരും. അതിനായി അടൂർ കമ്മിറ്റി ശിപാർശ ചെയ്ത ‘റെഗുലേറ്ററി അതോറിറ്റി’ അല്ലെങ്കിൽ ഹേമ കമ്മിറ്റിയിലെ ‘റെഗുലേറ്ററി ട്രൈബ്യൂണൽ’ കൊണ്ടുവരണം. ഇതിൽ ഏതു വേണമെന്ന് സർക്കാർ തീരുമാനിക്കണം. എന്നാൽ പൊതുവായി പറയുന്നതിനപ്പുറം സ്പെസിഫിക്കായി ആരോപണമുണ്ടെങ്കിൽ മാത്രമേ ക്രിമിനൽ കേസെടുക്കാൻ കഴിയുകയുള്ളൂ. മൊഴി വെളിപ്പെടുത്തുകയും ആരുടെയെങ്കിലും പേര് പുറത്തുവരികയും ചെയ്താൽ നിയമ നടപടി സ്വീകരിക്കാം. അത് വെളിപ്പെടുത്തില്ലെന്ന് കമീഷൻ തന്നെ ഉറപ്പുനൽകി. അങ്ങനെയൊരു പരിമിതി ഈ റിപ്പോർട്ടിനുണ്ട്” -എ.കെ. ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.