ആറ്റിങ്ങൽ: തദ്ദേശസ്ഥാപന അനുമതി ലഭിക്കാത്തിനാൽ കുടിവെള്ള ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ വികസനം അനിശ്ചിതത്വത്തിൽ. തീരദേശ മേഖലകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ആവിഷ്കരിച്ച പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്.
പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ജല അതോറിറ്റി വളപ്പിൽ പുതുതായി കിഫ്ബി ഫണ്ടുപയോഗിച്ച് 15 എം.എൽ.ഡി ജലശുദ്ധീകരണശാല പണികഴിപ്പിച്ചു. ഇതിൽനിന്ന് കുടിവെള്ള വിതരണത്തിനായി എം.എം ഡി.ഐ പൈപ്പ് ലൈൻ സ്ഥാപിക്കണം. റോഡുകളിലൂടെ പോകുന്ന പൈപ്പ് ലൈൻ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണം. ഈ അനുമതി നൽകാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒഴിഞ്ഞുമാറുന്നതാണ് നിലവിലെ പ്രശ്നം.
ജലശുദ്ധീകരണശാല പൂർത്തിയായിട്ട് ഒരുവർഷമാകുന്നു. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ്, അഴൂർ, കിഴുവിലം പഞ്ചായത്തുകളിൽ ഇടവേളകളില്ലാതെ ശുദ്ധജലം വിതരണം ചെയ്യുന്നതിനാണ് ശുദ്ധീകരണശാല നിർമിച്ചത്. നിലവിൽ മൂന്ന് ദിവസം ഇടവിട്ടാണ് ഈ പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം നടത്തുന്നത്. വലിയകുന്ന് മുതൽ ആറ്റിങ്ങൽ ജി.എച്ച്.എസ് ജങ്ഷൻ വരെ ഒരു പൈപ്പ് ലൈൻ മാത്രമേ ഉള്ളൂ . ഇതിന് പരിഹാരം എന്നോണമാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പദ്ധതിക്ക് ജല അതോറിറ്റി ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കരാർ നൽകിയത്. ദേശീയപാത പി.ഡബ്ല്യു.ഡി റോഡുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, കിഴുവിലം പഞ്ചായത്ത് റോഡുകളിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ രാമച്ചംവിളയിൽ നിലവിലുള്ള ജലവിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. ഈ പദ്ധതി പൂർത്തിയാവുന്നതോടെ അഴൂർ, കിഴുവിലം, ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് മുതലായ തീരദേശ മേഖലകളിൽ വരൾച്ച സമയത്തും ജലവിതരണം സാധ്യമാവും. പൈപ്പ് ലൈൻ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകാത്തത് മൂലം സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കി പണികഴിപ്പിച്ച ജലശുദ്ധീകരണശാലയുടെ പ്രവർത്തനവും തീരദേശനിവാസികളുടെ കുടിവെള്ളവുമാണ് അനിശ്ചിതത്വത്തിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.