കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. ബി.ജെ.പി സംസ്ഥാന ബൗദ്ധിക വിഭാഗം മുൻ തലവൻ കൂടിയാണ് മോഹൻദാസ്. പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം കാമറയിൽ വരുന്ന തരത്തിൽ സ്ഥിരമായി മുരളീധരനുമുണ്ടാകുമെന്നാണ് മോഹൻദാസിന്റെ വിമർശനം. ഇത്തരം പെരുമാറ്റം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്നും മോഹൻദാസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പിറകിൽ, സൈഡിലായി വിഡിയോയിൽ വരത്തക്കവിധം ഇരിക്കും!. കാമറ ഏത് ആംഗിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതരുത് കെട്ടോ- ഫേസ്ബുക്കിൽ ടി.ജി മോഹൻദാസ് കുറിച്ചു.
അതേസമയം, വി. മുരളീധരനെതിരായ പോസ്റ്റിനെതിരെ സംഘ്പരിവാർ അനുകൂലികൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വിലകുറഞ്ഞ അഭിപ്രായപ്രകടനമാണിതെന്നും വ്യക്തിവൈരാഗ്യം മാത്രമാണ് ഇതിനു പിന്നിലുള്ളതെന്നും ഒരാൾ കമന്റായി കുറിച്ചു. മുരളീധരൻ പാർലമെന്ററികാര്യ മന്ത്രിയാണെന്നും ഇത് മനസിലാക്കാതെ തരംതാഴരുതെന്നും മറ്റൊരു പ്രവർത്തകൻ പ്രതികരിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരെ ഇതിനുമുമ്പും ഫേസ്ബുക്ക് കുറിപ്പുമായി മോഹൻദാസ് എത്തിയിട്ടുണ്ട്. നേതാക്കൾ പ്രവർത്തകർ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല എന്നായിരുന്നു അന്നത്തെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.