തൃശൂർ: സംസ്ഥാനത്ത് പണക്ഷാമം രൂക്ഷം. നോട്ട് അസാധുവാക്കിയതിെൻറ അടുത്ത ദിവസങ്ങളിൽ അനുഭവപ്പെട്ട രീതിയിലാണ് ക്ഷാമം. ബാങ്കുകളുടെ കാഷ് ചെസ്റ്റുകളിൽ നാമമാത്ര തുകയാണ് വെക്കുന്നത്. ഇതോടെ, എ.ടി.എമ്മുകൾക്കും ട്രഷറികൾക്കും പണം അനുവദിക്കുന്നത് വൻ തോതിൽ കുറഞ്ഞു. പണം അച്ചടിയിൽ വന്ന കുറവിന് പുറമെ ഒാരോ സംസ്ഥാനത്തെയും സീസൺ അനുസരിച്ചുള്ള ആവശ്യങ്ങൾക്കൊത്ത് പണം അനുവദിക്കുന്ന രീതി റിസർവ് ബാങ്ക് ലംഘിച്ചതും പണക്ഷാമത്തിന് ഇടയാക്കുകയാണ്. വിഷുവും ഉത്സവങ്ങളും അവധിക്കാലവും ആയതിനാൽ വരും ദിവസങ്ങളിൽ പണക്ഷാമം കൂടുതൽ വഷളാകും.
നോട്ട് അച്ചടി ഇപ്പോഴും പൂർണതോതിലല്ല, സമീപ കാലത്തായി കുറയുകയും ചെയ്തു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തിനൊത്ത് റിസർവ് ബാങ്ക് നോട്ട് അച്ചടി േബാധപൂർവം കുറക്കുകയാെണന്ന് കരുതുന്നതായി ബാങ്കിങ് വൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്ത് ബാങ്കുകൾക്ക് 250ഒാളം കാഷ് ചെസ്റ്റുകളുണ്ട്. 100 മുതൽ 250 കോടി വരെ നോട്ട് അസാധുവാക്കലിനുമുമ്പ് ഇതിൽ സ്റ്റോക്ക് ഉണ്ടാകാറുണ്ട്. അതിപ്പോൾ അഞ്ച്-പത്ത് കോടിയായാണ് കുറഞ്ഞത്.
മാഹി ഉൾപ്പെടുന്ന മലബാറിലെ ഏഴ് ജില്ലകളിൽ സംസ്ഥാനത്തെ ആകെ കാഷ് ചെസ്റ്റുകളുടെ മൂന്നിലൊന്ന് മാത്രമാണുള്ളത്. കാഷ് ചെസ്റ്റിലെ കുറവിന് പുറമെ മലബാറിലേക്ക് പണം അനുവദിക്കുന്നതിലുള്ള വിവേചനം കൂടിയായപ്പോൾ അവിടെ പണക്ഷാമം അത്യന്തം രൂക്ഷമാണ്. മലബാറിലെ ചെസ്റ്റുകളിൽ പല ദിവസങ്ങളിലും ഒരു കോടിയിൽ താഴെയാണ് കിട്ടുന്നത്. എ.ടി.എമ്മിൽ പണമില്ലാത്തതിനാൽ ഇടപാടുകാർ ക്ഷുഭിതരാവുന്നുണ്ട്. കഴിഞ്ഞ ദിവസം എ.ടി.എമ്മിൽ പണമില്ലാത്തതിെൻറ പേരിൽ വയനാട്ടിലെ കൈനാട്ടി എസ്.ബി.െഎ ശാഖ തുറക്കുന്നത് ഇടപാടുകാർ തടസ്സപ്പെടുത്തിയിരുന്നു.
പൊതുമേഖലാ ബാങ്കുകളും പോസ്റ്റ് ഒാഫിസുകളും മറ്റും കൈകാര്യം ചെയ്യുന്നതിനെക്കാൾ വളരെ കുറഞ്ഞ ഇടപാടുകാരെയാണ് നവ സ്വകാര്യ ബാങ്കുകൾ അഭിമുഖീകരിക്കുന്നത്. എന്നാൽ, രണ്ടു വിഭാഗത്തിനും ഒരു പോലെ പണം അനുവദിക്കുന്നതിനാൽ നവ സ്വകാര്യ ബാങ്കുകൾക്ക് കാര്യമായ പണക്ഷാമമില്ല. പിൻവലിക്കൽ കൂടുകയും നിക്ഷേപം കുറയുകയും ചെയ്യുന്നത് അടുത്ത കാലത്ത് ബാങ്കുകളിലെ പ്രവണതയാണ്. പല തരം ചാർജുകളിൽനിന്ന് രക്ഷപ്പെടാൻ ഇടപാടുകാരിൽ അധികവും ഒറ്റയടിക്ക് പണം പിൻവലിക്കുകയും പിടിച്ചു വെക്കുകയും സൂക്ഷിച്ച് ചെലവഴിക്കുകയുമാണ്. പിൻവലിക്കുന്നതിെൻറ ആറിലൊന്ന് മാത്രമാണ് നിക്ഷേപമായി വരുന്നതെന്ന് ബാങ്ക് വൃത്തങ്ങൾ പറയുന്നു.
ട്രഷറികൾക്ക് എന്നല്ല, സ്വന്തം ഇടപാടുകാർക്ക് ഉൾപ്പെടെ ആവശ്യത്തിന് പണം നൽകാൻ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ടെന്ന് എസ്.ബി.െഎയിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പണം കിട്ടാത്ത ഇടപാടുകൾ നടത്തി ഉപഭോക്താക്കൾക്ക് സൗജന്യ സേവന അവസരം നഷ്ടപ്പെടാതിരിക്കാൻ ബാങ്കുകളോടനുബന്ധിച്ച ചില എ.ടി.എമ്മുകളുെട ഷട്ടർ താഴ്ത്താൻ അനൗദ്യോഗികമായി നിർദേശം നൽകേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.