കോഴിക്കോട്: ക്ഷേമപെൻഷനുകൾ നൽകാൻ ഖജനാവിൽ പണമില്ലാത്തതിനാൽ സഹകരണ ബാങ്കുകളിൽനിന്ന് സർക്കാർ 2,500 കോടി രൂപ കടമെടുക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ സഹകരണ രജിസ്ട്രാർമാർ, ജോയൻറ് രജിസ്ട്രാർമാർ തുടങ്ങിയവർ പെങ്കടുത്തു. കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാൻ ഇതേ ബാങ്കുകളിൽനിന്ന് വായ്പയായി കൈപ്പറ്റിയ കോടികൾ തിരിച്ചടക്കാൻ ബാക്കിനിൽക്കെയാണ് സർക്കാറിെൻറ പുതിയ നീക്കം.
സഹകരണ ബാങ്കുകളെ േഗ്രഡ് തിരിച്ച് കൺസോർട്ട്യം ഉണ്ടാക്കിയാണ് പണം സ്വരൂപിക്കുക. ഇതിനായി വായ്പ തുകയേക്കാൾ അധിക നിക്ഷേപമുള്ള ബാങ്കുകളെ മൂന്നു വിഭാഗമാക്കി തിരിക്കും. ജില്ലകളിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള അഞ്ചു ബാങ്കുകളിൽനിന്ന് 20 കോടി രൂപ തോതിൽ 100 കോടി രൂപ വായ്പയായി സ്വരൂപിക്കും. അതിന് താഴെയുള്ള അഞ്ചു ബാങ്കുകളിൽനിന്ന് 10 കോടി തോതിൽ 50 കോടി, ഇതിൽ താഴെ നിക്ഷേപമുള്ള അഞ്ചു ബാങ്കുകളിൽനിന്ന് അഞ്ചുകോടി രൂപ തോതിൽ 25 കോടി എന്നിങ്ങനെയും സ്വരൂപിക്കും. ഇപ്രകാരം ഒാരോ ജില്ലയിൽനിന്നും 175 കോടി രൂപ വീതം വായ്പയായി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ബാങ്ക് വായ്പക്ക് സർക്കാർ ഗാരൻറിയും 8.75 ശതമാനം പലിശയും നൽകാനും ധാരണയായി. ഒാണത്തിന് മുമ്പുതന്നെ പണം സ്വരൂപിക്കും. ഇതിനായി ഒാരോ ജില്ലയിലും സഹകരണ ബാങ്കുകളുടെ പ്രത്യേക യോഗം ആഗസ്റ്റ് രണ്ടുമുതൽ വിളിച്ചുചേർക്കാനും യോഗതീരുമാനങ്ങളെകുറിച്ച് റിപ്പോർട്ട് നൽകാനും ജോയൻറ് രജിസ്ട്രാർമാരെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ഒരു വർഷമായി കർഷക തൊഴിലാളി പെൻഷൻ, വാർധക്യ-വിധവ പെൻഷനുകളെല്ലാം വിതരണം ചെയ്യുന്നത് സഹകരണ ബാങ്കുകൾ വഴിയാണെങ്കിലും ഇൗ പണം സർക്കാർ നേരിട്ട് അടക്കുന്നതിനാൽ ബാങ്കുകൾക്ക് പ്രത്യേക ബാധ്യതയില്ല. എന്നാൽ, ഇൗ ഒാണം മുതൽ പണം കണ്ടെത്തേണ്ട ബാധ്യതയും സഹകരണ ബാങ്കുകളുടെ ചുമലിലാകും. ഇ.എം.എസ് ഭവനപദ്ധതി പലിശ തിരിച്ചടവും കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിന് നൽകിയ വായ്പയുടെ തിരിച്ചടവും കുടിശ്ശിക നിൽക്കെ സർക്കാറിെൻറ പുതിയ തീരുമാനത്തോട് ബാങ്കുകൾ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.