കെ.ടി. ജലീലിനെതിരായ വിവരങ്ങൾ വെളിപ്പെടുത്തും; സർക്കാറിന്‍റെ സുരക്ഷ വേണ്ട -സ്വപ്ന സുരേഷ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനക്ക് പിന്നിൽ മുൻമന്ത്രി കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവരാണെന്ന് പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിൽ തന്‍റെ അഭിഭാഷകനായ കൃഷ്ണരാജിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിൽ ജലീലിനെക്കുറിച്ച് പറഞ്ഞത് പൊതുജനങ്ങൾക്ക് മുന്നിൽ രണ്ടുദിവസത്തിനുള്ളിൽ വെളിപ്പെടുത്തും. ഷാജ് കിരൺ എന്ന വ്യക്തിയെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി തന്‍റെ അടുത്തേക്കയച്ച് ഒത്തുതീർപ്പിന് ശ്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. അതിനു പിന്നിൽ ആരാണെന്നത് വ്യക്തമാണ്. ഗൂഢാലോചന നടത്തിയെന്ന് തനിക്കെതിരെ കെ.ടി. ജലീൽ പരാതി നൽകിയിരിക്കുന്നു.

എന്നാൽ, യഥാർഥ ഗൂഢാലോചനക്കാർ അവരാണ്. രഹസ്യമൊഴിയിൽ ജലീലിനെക്കുറിച്ച് താൻ പറഞ്ഞത് എന്തൊക്കെയാണോ അതൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തും. എന്തൊക്കെ കുറ്റങ്ങളാണ് ജലീൽ ചെയ്തതെന്ന് വ്യക്തമായി പറയും. രഹസ്യമൊഴി പുറത്തുവരുമ്പോൾ മാത്രം ജനങ്ങൾ അറിഞ്ഞാൽ മതിയെന്നാണ് താൻ വിചാരിച്ചിരുന്നത്. പക്ഷേ, ജലീൽ മുൻകൈയെടുത്ത് തനിക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുകയാണ്.

വെളിപ്പെടുത്തലുകൾക്കുശേഷം ജലീൽ എന്തൊക്കെ കേസുകൊടുക്കുമെന്ന് കാണാമെന്നും സ്വപ്ന വെല്ലുവിളിച്ചു. താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഒന്നും തെറ്റിയിട്ടില്ല. ഷാജ് കിരൺ പറഞ്ഞത് കൃത്യമായി നടപ്പാകുകയാണ്. ആദ്യം സരിത്തിനെതിരെയും ശേഷം തന്‍റെ അഭിഭാഷകനെതിരെയും നടപടിയുണ്ടായി. എ.ഡി.ജി.പി അജിത് കുമാറിനെ ഷാജ് കിരൺ 36 തവണ വിളിച്ചെന്നാണ് കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ട്. എന്തുകൊണ്ട് എ.ഡി.ജി.പിക്കെതിരെ സർക്കാർ നടപടിയെടുത്തുവെന്ന് ആലോചിക്കണമെന്നും സ്വപ്ന പറഞ്ഞു.

തന്‍റെയും കുട്ടിയുടെയും സുരക്ഷക്കുവേണ്ടി രണ്ടുപേരെ നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് സുരക്ഷക്കുവേണ്ടി കേരള പൊലീസ് തന്നെ പിൻതുടരേണ്ട ആവശ്യമില്ല. അവരെ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ഷാജ് കിരൺ പുറത്തുവിടുമെന്ന് പറയുന്ന വിഡിയോ പുറത്തുവിടട്ടെയെന്നും സ്വപ്ന പറഞ്ഞു.

Tags:    
News Summary - No need for government security - Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.