ബംഗളൂരു: കോഴിക്കോട്ടെ നിപ വൈറസ് ബാധയെ തുടർന്ന് കർണാടകത്തിലെ ആശുപത്രികളിലെ മലയാളി നഴ്സുമാരും നഴ്സിങ് വിദ്യാർഥികളും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിെൻറ നിർദേശം. അടുത്ത രണ്ടുമാസത്തേക്ക് ഇവർ കേരളത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് കർണാടക ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നിർദേശം നൽകിയത്. മുൻകരുതൽ എന്നനിലയിലാണ് നിർദേശമെങ്കിലും രണ്ടുമാസത്തേക്ക് യാത്ര ഒഴിവാക്കണമെന്നത് ഇവർക്ക് തിരിച്ചടിയാകും. പെരുന്നാൾ ഉൾപ്പെടെ അവധി നാളുകളിൽ നാട്ടിലേക്ക് പോകാൻ പറ്റാത്ത സാഹചര്യവുമുണ്ടാകും.
കർണാടകയിലെ ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്സുമാരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇവർ നാട്ടിൽ പോയി ഏതെങ്കിലും തരത്തിൽ അസുഖവുമായി മടങ്ങിയാൽ കർണാടകത്തിലെ ആരോഗ്യമേഖലയെ തന്നെ അത് സാരമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് ഈ മുൻകരുതലെന്നാണ് വിലയിരുത്തൽ.
നിപ വൈറസ് ബാധ കർണാടകയിൽ എത്താതിരിക്കാനുള്ള ആരോഗ്യവകുപ്പിെൻറ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ നഴ്സുമാരും വിദ്യാർഥികളും കേരളത്തിലേക്ക് പോകാൻ പാടുള്ളൂവെന്നും, പോകുന്നവർ മുൻകരുതലെടുക്കണമെന്നും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ േപാകരുതെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകരുതെന്ന് ഒൗദ്യോഗികമായ സർക്കുലർ ലഭിച്ചിട്ടില്ലെങ്കിലും, അധികൃതർ വാക്കാൽ ഇക്കാര്യം പറയുന്നുണ്ടെന്നും കർണാടകയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹിയായ അനിൽ പാപ്പൻ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.