തൊടുപുഴ: കൊട്ടക്കാമ്പൂർ, വട്ടവട അടക്കം അതിർത്തി മേഖലയിലെ വില്ലേജ് ഒാഫിസുകൾ കൈയേറ്റക്കാർക്ക് സൗകര്യപ്പെടും വിധം തുറന്നിടുന്നത് സംബന്ധിച്ച് അന്വേഷണത്തിന് ദേവികുളം തഹസിൽദാറെ ചുമതലപ്പെടുത്തിയതായി ഇടുക്കി ജില്ല കലക്ടർ ജി.ആർ. ഗോകുൽ അറിയിച്ചു. റവന്യൂ രേഖകൾ സംരക്ഷിക്കാൻ നിർദേശം നൽകി.
ജീവനക്കാരുടെ സേവനം മുഴുവൻ സമയവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇൗ മേഖലയിലെ വില്ലേജ് ഒാഫിസുകളിൽനിന്ന് ദിവസവും രാവിലെ 10.30ന് തഹസിൽദാർമാർ ഹാജർ വിവരം ശേഖരിക്കും. വൈകുന്നേരവും റിപ്പോർട്ട് നൽകണം. കഴിഞ്ഞദിവസങ്ങളിൽ, ഉദ്യോഗസ്ഥരില്ലാതെ വട്ടവട വില്ലേജ് ഒാഫിസ് തുറന്നുകിടന്ന സാഹചര്യം പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ചുമതലപ്പെടുത്തിയ തഹസിൽദാർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ സ്ഥലത്തുണ്ടാകേണ്ടിയിരുന്ന വില്ലേജ്മാനെതിരെ അടിയന്തര അച്ചടക്കനടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. വിശദ റിപ്പോർട്ടിനു ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്നും കലക്ടർ വ്യക്തമാക്കി.
കൈയേറ്റക്കാർക്കും ഫയലുകൾ നോക്കാൻ എളുപ്പമാക്കുന്ന തരത്തിൽ ഉദ്യോഗസ്ഥർ വില്ലേജ് ഒാഫിസുകൾ തുറന്നിട്ട് പോകുന്നത് ‘മാധ്യമം’ വാർത്തയാക്കിയതിനെത്തുടർന്നാണ് കലക്ടറുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.