തിരുവനന്തപുരം: രാജ്ഭവനെ നിയന്ത്രിക്കാൻ ആരും വരേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണ്. രാജ്ഭവനെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
സ്റ്റാഫ് നിയമനത്തിൽ പാർട്ടി കേഡർ വളർത്തുന്നു. രണ്ട് വർഷം കൂടുമ്പോൾ പേഴ്സണൽ സ്റ്റാഫുകളെ മാറ്റി നിയമിക്കുന്നു. ഇതുമൂലം സംസ്ഥാന സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഈ രീതി റദ്ദാക്കണമെന്നും നയപ്രഖ്യാപനത്തിൽ ഇത് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. 20ലധികം സ്റ്റാഫുകൾ മന്ത്രിമാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 11 പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്നും ജ്യോതിലാലിനെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തിനെതിരെയും ഗവർണർ വിമർശനം ഉന്നയിച്ചു.
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി.ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഗവർണർ വിമർശിച്ചത്. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചിരുന്നു.
മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലനെയും ഗവർണർ രൂക്ഷമായി വിമർശിച്ചു. പേര് ബാലൻ എന്നാണെന്ന് കരുതി ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലെന്ന് പരിഹസിച്ച ഗവർണർ, ഇതൊന്നും ശരിയല്ലെന്നും കൂട്ടിച്ചേർത്തു.
'ജോലി നഷ്ടപ്പെട്ടതു കൊണ്ട്' ശ്രദ്ധ കിട്ടാനായിരിക്കും അദ്ദേഹം ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ഗവർണറെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ബാലിശവും നിരുത്തരവാദപരവുമായ പ്രസ്താവന നടത്തരുതെന്നും ഗവർണർ വ്യക്തമാക്കി.
സർക്കാറുമായുള്ള പോരിൽ നിന്ന് പിന്മാറില്ലെന്ന സൂചന നൽകുന്നതാണ് ഗവർണറുടെ ഇന്നത്തെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.