കൊല്ലം: 'എംബസിയിൽ തുടർച്ചയായി വിളിച്ചപ്പോൾ കട്ട് ചെയ്തു, ഒരു സഹായത്തിനും കോൾ വന്നില്ല, സുരക്ഷിതരായി ഇരിക്കൂ എന്ന സന്ദേശം വല്ലപ്പോഴും ഫോണിൽ വരിക മാത്രമാണുണ്ടായത്...' കർണാടകയിൽനിന്നുള്ള വിദ്യാർഥി നവീൻ ശേഖരപ്പ ഗ്യാന ഗൗഡർ കൊല്ലപ്പെട്ട ഖാർകീവിനടുത്ത ബങ്കറിൽ കുടുങ്ങിയ കൊല്ലം സ്വദേശികൾ ഉൾപ്പെടുന്ന ഏഴ് മലയാളി വിദ്യാർഥികൾ അനുഭവിച്ചത് നരകയാതന.
കൊല്ലപ്പെട്ട നവീന്‍ പഠിച്ച അതേ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് കൊല്ലം മതിലിൽ സ്വദേശിനി ജെന്ന ജോയി ഉൾപ്പെടെ ഏഴുപേർ. ഇവർ താമസിച്ചിരുന്ന ബങ്കറിന് സമീപം കഴിഞ്ഞദിവസം ബോംബിങ്ങും ഷെല്ലിങ്ങും വ്യാപകമായിരുന്നു. ആഹാരം കുറവായിരുന്നു. വെള്ളമില്ലാത്തതിനാൽ വാങ്ങാൻ പുറത്തിറങ്ങിയെങ്കിലും അവസ്ഥ മോശമായതിനാല്‍ തിരികെ കയറി. രാത്രി ഒന്നരക്ക് കര്‍ഫ്യൂ പിന്‍വലിക്കുന്ന സമയത്ത് ഇവിടെനിന്ന് പോകാനുള്ള വഴി നോക്കാൻ ഏഴു പേരും തീരുമാനിച്ചു. യുക്രെയിൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർ പോകരുതെന്ന് അഭ്യർഥിച്ചു.
നാട്ടിൽനിന്ന് മാതാവ് വിളിച്ചപ്പോഴും ബങ്കറിൽതന്നെ തങ്ങാനാണ് ജെന്നയോട് പറഞ്ഞത്. മെട്രോ ബങ്കറില്‍ പോകാതെ ഫ്ലാറ്റിലെ ബങ്കറിലാണ് ഇവർ കഴിഞ്ഞിരുന്നത്. കൂട്ടത്തിലൊരാൾക്ക് ആസ്തമ ഉള്ളതിനാൽ ഷെല്ലിങ് നടന്ന സമയത്ത് അസുഖം കൂടി. ഇതോടെ സുരക്ഷ ഉറപ്പില്ലാത്തതിനാലും എംബസി ഉൾപ്പെടെ ആരും വരില്ലെന്നുമുള്ള സന്ദേഹത്താൽ ഇവർ ചൊവ്വാഴ്ച രാവിലെ ടാക്‌സി ബുക്ക്‌ചെയ്തു റെയില്‍വേ സ്‌റ്റേഷനിലെത്തി. കീവിലൂടെ കടന്നുപോകുന്ന ട്രെയിന്‍ എവിടെവരെയുണ്ടോ അവിടെവരെ പോയിട്ട് അടുത്ത ഘട്ടം നോക്കാമെന്നാണ് സംഘത്തിന്‍റെ ലക്ഷ്യം. രാത്രി വൈകിയും സംഘം ട്രെയിനിൽ യാത്ര തുടരുകയാണ്. ട്രെയിനിൽനിന്നുള്ള യാത്രയുടെ ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചു നൽകുന്നുണ്ട്.
കൊല്ലം: യുക്രെയ്നിന്‍റെ വടക്കു കിഴക്കൻ മേഖലകളിൽ റഷ്യൻ അധിനിവേശം അതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളുടെ ആശങ്ക വർധിക്കുന്നു.
കൊല്ലം ജില്ലയിൽനിന്നുള്ള വിദ്യാർഥികൾ തങ്ങൾ അകപ്പെട്ടിരിക്കുന്ന ദയനീയാവസ്ഥയെക്കുറിച്ച് വീട്ടുകാർക്ക് വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ജില്ലയിൽനിന്ന് 250 ഓളം വിദ്യാർഥികളാണ് യുക്രെയ്നിലുള്ളതായി ഔദ്യോഗിക വിവരം. എന്നാൽ, ഇതിൽ കൂടുതൽ കുട്ടികളുള്ളതായാണ് വിവരം. ഇതിൽ വിരലിലെണ്ണാവുന്ന വിദ്യാർഥികളാണ് നാട്ടിലെത്തിയത്.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരവുമായ ഖാർകിവിൽ അകപ്പെട്ട വിദ്യാർഥികൾക്ക് അവിടെ നിന്ന് വിവിധ നഗരങ്ങളിലെക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ വിവരണാതീതമാണെന്നാണ് ഈ കുട്ടികളുടെ വീട്ടുകാർക്ക് ലഭിച്ചിരിക്കുന്ന വിവരം.
കിഴക്കൻ നഗരങ്ങളായ ഖാർകിവ്, കീവ്, സുമി നഗരങ്ങളിലെ ഏകദേശം 2500 ൽ അധികം വരുന്ന മലയാളി വിദ്യാർഥികൾ തലസ്ഥാന നഗരമായ കീവ് വഴി അല്ലെങ്കിൽ ഷപോഷിയ വഴി ലിവീവ് എത്താനാണ് നിലവിലെ നിർദേശം. കീവിൽ ഞായറാഴ്ച വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതിനാൽ കുറേ വിദ്യാർഥികൾ രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിൽ തമ്പടിച്ചിരുന്നു.
എംബസി അധികൃതർ നോക്കി നിൽക്കെ, സ്ത്രീകളും വിദ്യാർഥിനികളും കുട്ടികളും ഒഴികെയുള്ളവർക്ക് യാത്ര നിഷേധിച്ചു.
വൈകീട്ട് നാലു മുതൽ രാവിലെ ആറു വരെ കർഫ്യൂ നിർദേശിച്ച ഖാർകീവിലെ കുറച്ചു വിദ്യാർഥികൾക്ക് മാത്രമാണ് ലിവീവ് ട്രെയിനിൽ കയറാൻ സാധിച്ചത്. ചില വിദ്യാർഥികളിൽനിന്ന് പണം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
രണ്ടു ദിവസമായി ഖാർകിവ് നഗരത്തിൽ റഷ്യൻ അധിനിവേശ സേന നടത്തുന്ന ആക്രമണത്തിന്‍റെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് നിലവിൽ മെട്രോബങ്കറുകളിൽ കഴിയാനല്ലാതെ പുറത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ ആഹാരത്തിനും മരുന്നിനും പണത്തിനും ബുദ്ധിമുട്ടേണ്ട സാഹചര്യമാണ്. പെൺകുട്ടികളുടെ ആരോഗ്യനില വളരെ മോശമായി വരുന്ന സാഹചര്യമാണെന്ന് ഖാർകീവിൽ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോ. സമിത് പറഞ്ഞു.
കർഫ്യൂവിൽ ഒഴിവ് കിട്ടുന്ന സമയങ്ങളിൽ വളന്‍റിയർമാർ ആഹാരവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. മൂന്നിരട്ടി വിലയാണ് അവശ്യസാധനങ്ങൾക്ക് സ്ഥാപനങ്ങൾ ഈടാക്കുന്നത്. വിദ്യാർഥികൾക്ക് പണം പിൻവലിക്കാനോ എക്സ്ചേഞ്ച് ചെയ്യാനോ
സാഹചര്യമില്ലാത്തതിനാൽ യുക്രെയ്ൻ പൗരന്മാരുടെ സഹായത്തോടെ പണമെത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി ഖാർകിവ് മലയാളി അസോസിയേഷൻ.
ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാർ ഒപ്പിടുകയും എയർവേസ് തുറക്കുകയും ചെയ്താൽ എംബസി കൂടാതെ, ചാർട്ടേഡ് വിമാനം ഏർപ്പാട് ചെയ്യുമെന്ന് അസോസിയേഷൻ ഫൗണ്ടറും മെരിഡിയൻ എജു ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. അമൽ സന്തോഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖാർകിവിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്നവർക്കും സഹായം ആവശ്യപ്പെടുന്നവർക്കും +380916015173 (ഡോ. സമിത്) എന്ന വാട്സ് ആപ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.