കോഴിക്കോട്: മോട്ടോർ വാഹനവകുപ്പിലെ ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കൗൺസിൽ (ഡി.പി.സി) യഥാസമയം ചേരാത്തതിനെതുടർന്ന് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നഷ്ടമാകുന്നു. അഡ്മിനിസ്ട്രേറ്ററുടെ നിരുത്തരവാദ നടപടിമൂലം കൗൺസിൽ ചേരാൻ കഴിയാത്തതുമൂലം ജോയന്റ് ആർ.ടി.ഒ, ആർ.ടി.ഒ തസ്തികകൾ ഒരുവർഷമായി ഒഴിഞ്ഞുകിടന്നിട്ടും സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞിരുന്നില്ല. 2023ൽ ഡി.പി.സി ചേർന്നിട്ടില്ലാത്തതിനാൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റം പ്രമോഷൻ കൗൺസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതിനാൽ മുൻഗണനപട്ടിക തയാറാക്കിയതുമില്ല.
2023ൽ ജോയന്റ് ആർ.ടി.ഒമാരായി സ്ഥാനക്കയറ്റം കിട്ടേണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഒഴിവുകളുടെ പട്ടിക ഡിസംബർ 31 വരെ തയാറാകാത്തതിനാൽ പലരുടെയും സ്ഥാനക്കയറ്റം വൈകുകയാണ്. മോട്ടോർ വാഹനവകുപ്പിലെ സ്ഥാനക്കയറ്റ പട്ടിക ഉൾപ്പെടെയുള്ളവ തയാറാക്കേണ്ട ചുമതല മുതിർന്ന അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്കാണ്. പ്രമോഷൻ കൗൺസിൽ യഥാസമയം ചേരേണ്ടതിന്റെ ആവശ്യകത മുൻനിർത്തി അഡ്മിസ്ട്രേറ്റിവ് ഓഫിസറുടെയും സീനിയർ അഡ്മിസ്ട്രേറ്റിവ് ഓഫിസറുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും പരിഷ്കരിച്ച് കഴിഞ്ഞ നവംബറിൽ അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. 2022ൽ പ്രമോഷൻ കൗൺസിൽ ചേരാതിരുന്നതുമൂലം 20ഓളം ജോയന്റ് ആർ.ടി.ഒമാരുടെയും ആറ് ആർ.ടി.ഒമാരുടെയും ഒഴിവുകൾ ഒരുവർഷത്തോളം ഒഴിഞ്ഞുകിടന്നിരുന്നു. വിരമിക്കാറായ ഉദ്യോഗസ്ഥർക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം മനഃപൂർവം നിഷേധിക്കുകയാണെന്നാണ് ആക്ഷേപം.
കോടതിവിധി പ്രകാരുള്ള അഡ്ഹോക്ക് ഡി.പി.സികൾ 2023 ഡിസംബർ 31ന് മുമ്പ് ചേരണമെന്നാണ് ചട്ടം. സ്ഥാനക്കയറ്റം നൽകണമെങ്കിൽ കൗൺസിലിന് വിജിലൻസ് അനുമതിയും ആവശ്യമാണ്. ഇത് ലഭിക്കാനും മാസങ്ങളെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നടപടികൾ വീണ്ടും അനിശ്ചിതത്വത്തിലാകും. ഇതോടെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിക്കേണ്ടിവരും. കഴിഞ്ഞതവണ അന്തിമപട്ടികയിലെ മുൻഗണന സ്ഥാനം പരിഗണിക്കാതെ ജൂനിയറായവർക്ക് സ്ഥാനക്കയറ്റം നൽകിയെന്ന ആക്ഷേപമുയർന്നിരുന്നു. ഇത് കോടതി നടപടികളിലേക്ക് നീങ്ങിയതോടെ ആറാഴ്ചക്കുള്ളിൽ സ്ഥാനക്കയറ്റം നൽകാൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. വ്യക്തിപരമായ പകപോക്കൽ പേടിച്ച് പലരും ട്രൈബ്യൂണലിനെ സമീപിക്കാൻ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.