ഇന്ധന നികുതി കുറക്കില്ല; നഷ്​ടപരിഹാരം തരുമെങ്കിൽ ജി.എസ്​.ടിയിൽ ഉൾപ്പെടുത്താൻ സമ്മതം - മന്ത്രി തോമസ്​ ഐസക്​

ആലപ്പുഴ: സംസ്ഥാന ഖജനാവ്​ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും ഇന്ധന നികുതി കുറയ്ക്കി​ല്ലെന്നും ധനമന്ത്രി തോമസ് ഐസക്. വിലനിയന്ത്രിക്കാൻ തയാറാകാത്ത കേന്ദ്രനിലപാടിനെതിരേ ശക്തമായ സമരം വേണമെന്നും മന്ത്രി പറഞ്ഞു. പെട്രോൾ, ഡീസൽ വില കുറക്കാൻ സംസ്​ഥാനവും കേന്ദ്രവും ചേർന്ന്​ നികുതി കുറക്കുന്നത്​ ചർച്ച ചെയ്യണമെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടിരുന്നു.

''നിലവില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണ്. ഖജനാവ്​ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്​. അത്​കൊണ്ട്​ നികുതി കുറക്കണമെന്ന ചിന്ത ഇപ്പോഴില്ല. കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. നികുതി വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. വില വര്‍ധനവിന്‍റെ ഉത്തരവാദി കേന്ദ്രമാണ്. അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ. നിർമല സീതാരാമൻ ആദ്യമായിട്ടാണ്​ ഇ​ങ്ങനെ പറയുന്നത്​. നികുതി ജി.എസ്​.ടിയിലേക്ക്​ മാറ്റുന്നതിന്​ സംസ്​ഥാനത്തിന്​ എതിർപ്പില്ല. പക്ഷേ, അഞ്ചുവർ​ഷത്തേക്ക്​ നഷ്​ടപരിഹാരം നൽകണം'' -മ​ന്ത്രി പറഞ്ഞു.

പെട്രോൾ വില കുറക്കാൻ തനിക്ക്​ മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്ന്​ ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. 'സംസ്ഥാനങ്ങളും കേന്ദ്രസർക്കാറും ചേർന്ന്​ പ്രശ്​നത്തിന്​ പരിഹാരം കാണണം, വിഷമം പിടിച്ച അവസ്ഥയാണ്​ നില നിൽക്കുന്നത്'​ എന്നായിരുന്നു അ​വരുടെ പ്രതികരണം.

'പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന്​ വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്​പരം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന്​ പരിഹാരം കാണുകയാണ്​ വേ​ണ്ടത്​. നികുതി കുറക്കാൻ തനിക്ക്​ സംസ്ഥാനങ്ങളോട്​ നിർദേശിക്കാനാവില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ ഇന്ത്യയിലെ വില തീരുമാനിക്കുന്നത്​ എണ്ണ കമ്പനികളാണ്​. അവർ തന്നെയാണ്​ പെട്രോളിയം ഇറക്കുമതി ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും. എണ്ണ കമ്പനികളോട്​ വില കുറക്കാൻ ആവശ്യപ്പെടാനാവില്ല. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തുന്നത്​ പരിഗണിക്കാം. എന്നാൽ, ഇക്കാര്യത്തിൽ ജി.എസ്​.ടി കൗൺസിലിൽ ചർച്ചകൾ വേണ്ടിവരും. ഇതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല' - കേന്ദ്രമന്ത്രി വ്യക്​തമാക്കി.

Tags:    
News Summary - No reduction in fuel tax; Consent to GST if compensation is given - Minister Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.