തിരുവനന്തപുരം: ഗൾഫിൽനിന്ന് അടക്കം മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാറിന് മുന്നിൽ കുറുക്കുവഴിയില്ല. മാറി ചിന്തിച്ചില്ലെങ്കിൽ സംസ്ഥാനത്തിെൻറ സാമൂഹിക, സമ്പദ് സുരക്ഷിതത്വത്തിെൻറ അടിത്തറക്കാവും ആഘാതം.
പ്രവാസി ക്ഷേമപദ്ധതികളിലെ സർക്കാർ വിഹിതം വർധിപ്പിക്കുകയും എല്ലാ തട്ടിലുള്ളവർക്കുമായി സാമ്പത്തിക, തൊഴിൽ പുനരധിവാസ പാക്കേജ് തയാറാക്കുകയും വേണമെന്ന ആവശ്യമാണ് ഉയരുന്നത്. മറ്റു വരുമാനമില്ലാത്തവരാണ് മടങ്ങിവരുന്ന പ്രവാസികളിൽ 95 ശതമാനവും. 22 ലക്ഷത്തോളം പേരാണ് പ്രവാസി പട്ടികയിൽ ഉള്ളതെങ്കിലും സംസ്ഥാന പ്രവാസി ക്ഷേമനിധി ബോർഡിൽ 4.25 ലക്ഷത്തോളം മാത്രമാണ് അംഗങ്ങൾ. 500 രൂപയായിരുന്ന പെൻഷൻ നിലവിൽ 2,000 രൂപയാണ്. 10 കോടി മാത്രമാണ് ഒരു വർഷത്തെ സർക്കാർ വിഹിതം. പ്രവാസികളുടെ അംശാദായവും സർക്കാർ വിഹിതവും മാത്രമാണ് ക്ഷേമനിധി വരുമാനം. പ്രവാസി പണത്തിെൻറ സിംഹഭാഗവും ലഭിക്കുന്ന കേന്ദ്ര സർക്കാറിൽനിന്ന് ക്ഷേമനിധി വിഹിതം ആവശ്യപ്പെടാൻ സംസ്ഥാനം തയാറായിട്ടുമില്ല.
ക്ഷേമനിധിക്ക് പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തുകയാണ് പോംവഴിയെന്ന് കേരള പ്രവാസിസംഘം ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽഖാദർ എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘പ്രവാസി ലോട്ടറി ആലോചിക്കണം. വിമാനയാത്രികരിൽനിന്ന് ചുരുങ്ങിയത് 50 രൂപ പിരിച്ച് ക്ഷേമനിധിയിലേക്ക് ഒടുക്കണം’- അദ്ദേഹം പറഞ്ഞു. ക്ഷേമപദ്ധതികൾ കാലോചിതമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. നിയമസഭാ പ്രവാസി ക്ഷേമ സമിതിയുടെ 10 റിപ്പോർട്ടുകളിലെ ശിപാർശകൾ പലതും നടപ്പാക്കിയിട്ടില്ല.
തിരിച്ചുവരുന്നവർക്ക് ചികിത്സക്ക് ഉൾപ്പെടെ ആശ്വാസ ധനസഹായ പദ്ധതിയായ ‘സാന്ത്വന’ത്തിെൻറ പരിധിയിൽ ഇളവ് വേണ്ടതുണ്ട്. മടങ്ങിവന്നവർക്ക് കൂട്ടായും വ്യക്തിപരമായും സംരംഭങ്ങൾ ആരംഭിക്കുന്നതിന് അടക്കം പുനരധിവാസ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എമ്മിെൻറ സഹായ പരിധിയും വ്യാപിക്കേണ്ടതുണ്ട്.
നിതാഖതിെൻറ ആദ്യഘട്ടത്തിൽ മടങ്ങിവന്ന 25,000 പേരിൽ 500ഒാളം പേർക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതത്രെ. മടങ്ങിവരുന്നവരിൽ എത്ര പേർക്ക് കക്ഷി രാഷ്ട്രീയ സ്വാധീനമില്ലാതെ ഇത് ലഭ്യമാവും എന്നതാണ് വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.