പ്രളയ ദുരിതാശ്വാസ സംഭാവനക്ക്​ പ്രത്യേക അക്കൗണ്ട്​ അപ്രായോഗികമെന്ന്​ സർക്കാർ

കൊച്ചി: പ്രളയത്തെത്തുടർന്ന്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ലഭിക്കുന്ന സംഭാവനകൾ പ്രത്യേക അക്കൗണ്ടിലേക്ക്​ മാറ്റാൻ​ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ.

അതേസമയം, പ്രളയബാധിതരെ സഹായിക്കാനുള്ള നിധിയിലേക്ക്​ ലഭിക്കുന്ന തുകക്ക്​ പ്രത്യേക കണക്കുണ്ടെന്നും ഇത്​ മുഴുവൻ പ്രളയബാധിതർക്കുതന്നെ നൽകുമെന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്ന തുക മറ്റാവശ്യങ്ങൾക്ക്​ വിനിയോഗിക്കുന്നത് തടയാൻ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശിനി എ.എ. ഷിബി നൽകിയ ഹരജിയിലാണ് സർക്കാറി​​​െൻറ വിശദീകരണം.

2018 ആഗസ്​റ്റ്​ ഒമ്പതുമുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കിട്ടുന്ന തുക പ്രളയ ദുരിതാശ്വാസത്തിനാണ് ഉപയോഗിക്കുന്നതെന്ന്​ വിശദീകരണത്തിൽ പറയുന്നു. പ്രളയബാധിതരുടെ പുനരധിവാസ, പുനർനിർമാണ പ്രക്രിയ പൂർത്തിയാകുന്നതുവരെ ഇത്​ തുടരും. പ്രത്യേക കണക്കിൽ സ്വീകരിക്കുന്ന തുകയുടെ ഒാഡിറ്റിങ്​ സമയാസമയങ്ങളിൽ നടത്തുന്നുണ്ട്​. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുകയും ചെലവിടുന്ന തുകയും പൊതുജനങ്ങൾക്ക് പരിശോധിക്കാനാകും. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സംഭാവനക്കാണ് ഇപ്പോൾ ആദായനികുതി നിയമത്തിലെ 80-ജി പ്രകാരം ഇളവ്​. പ്രത്യേക അക്കൗണ്ടാക്കിയാൽ നികുതിയിളവ് നൽകാൻ കാലതാമസം നേരിടും. ഇത്​ സംഭാവന നൽകുന്നതിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു. ഹരജി സെപ്റ്റംബർ 19ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - No special account for Flood Fund in Kerala- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.