തിരുവനന്തപുരം: സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ 'ഓപറേഷൻ സരള്‍ രാസ്ത-3' എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത്. പരിശോധിച്ച 148 റോഡുകളില്‍ 19 എണ്ണവും വേണ്ടത്ര ടാര്‍ ഉപയോഗിക്കാതെയാണ് നിര്‍മിച്ചതെന്ന് കണ്ടെത്തി.
തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നു വീതം റോഡുകളും കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ രണ്ടു വീതവും പത്തനംതിട്ട, എറണാകുളം, കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓരോന്നും മതിയായ കനത്തിൽ ടാർ ഉപയോഗിക്കാതെയാണ് നിർമിച്ചത്. കൊല്ലത്തെ ഒരുറോഡിൽ ആവശ്യമായ വിധത്തിൽ റോളർ ഉപയോഗിച്ചില്ല. കോഴിക്കോട് ഒരു റോഡ് നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കം പൂർണമായും പൊട്ടിപ്പൊളിഞ്ഞതായും പരിശോധനയിൽ കണ്ടെത്തി. ആറുമാസത്തിനിടെ ടാര്‍ ചെയ്ത 67 റോഡുകളിൽ പുതിയ കുഴികളും കണ്ടെത്തി.
തദ്ദേശസ്ഥാപനങ്ങൾ പൂർത്തീകരിച്ച 115 റോഡുകളുടെയും പൊതുമരാമത്ത് വകുപ്പിന്റെ 24 റോഡുകളുടെയും കേരള സ്റ്റേറ്റ് ട്രാന്‍സ്പോർട്ട് പ്രോജക്ടിലൂടെ പൂർത്തീകരിച്ച ഒമ്പത് റോഡുകളുടെയും ഫലമാണ് വിജിലൻസ് പുറത്തുവിട്ടത്. തിരുവനന്തപുരം- 40, കൊല്ലം- 27, കണ്ണൂർ -23, കോട്ടയം, എറണാകുളം, കാസർകോട് ആറു വീതം, പത്തനംതിട്ട, കോഴിക്കോട് അഞ്ച് വീതം, പാലക്കാട്, ഇടുക്കി, വയനാട് നാലു വീതം, ആലപ്പുഴ, തൃശൂർ, മലപ്പുറം മൂന്നു വീതം റോഡുകളാണ് പരിശോധിച്ചത്.
റോഡുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ച് ഗുണപരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.