കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് എൽ.ഡി.എഫിൽ സമ്മർദം ചെലുത്താൻ കേരള കോൺഗ്രസ് എം തീരുമാനം. കോട്ടയത്തിനു പുറമെ ഇടുക്കി, പത്തനംതിട്ട ലോക്സഭ സീറ്റുകൾ ആവശ്യപ്പെടാനാണ് പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലെ ധാരണ. സീറ്റിങ് സീറ്റായ കോട്ടയത്ത് വിജയം ഉറപ്പാണെന്ന് വിലയിരുത്തിയ യോഗം, പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങൾ വിട്ടുനൽകിയാൻ യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യം മുന്നണി നേതൃത്വത്തെയും സി.പി.എം നേതാക്കളെയും ബോധ്യപ്പെടുത്താനാണ് തീരുമാനം.
കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ മുന്നണിയിൽ എതിർപ്പ് അറിയിക്കണമെന്ന ആവശ്യവും യോഗത്തിലുയർന്നു. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം സോളാർ കത്തിൽ ജോസ് കെ. മാണിയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്ന പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ കരുതലോടെയായിരുന്നു പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം. എൽ.ഡി.എഫ് നേതാക്കളുടെ പേരുകളും അഭിഭാഷകൻ വെളിപ്പെടുത്തിയ സാഹചര്യത്തിൽ കടുത്ത നിലപാട് ദോഷകരമാകുമെന്നും അഭിപ്രായമുയർന്നു.
ഇതോടെ പരസ്യപ്രതികരണം വേണ്ടെന്നും മുന്നണിയിൽ പ്രതിഷേധം അറിയിക്കാനുമുള്ള തീരുമാനത്തിലേക്ക് യോഗമെത്തി. മന്ത്രിസഭ പുനഃസംഘടനയിൽ രണ്ടാമതൊരു മന്ത്രിസ്ഥാനം കൂടി ആവശ്യപ്പെടും. പുതുപ്പള്ളിയിൽ കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകൾ ചോർന്നിട്ടില്ലെന്നും സഹതാപതരംഗമാണ് യു.ഡി.എഫിനെ വൻ വിജയത്തിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.
ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട പാർട്ടി ചെയർമാൻ ജോസ് കെ. മാണി ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞു. എന്നാൽ, ഏതൊക്കെ മണ്ഡലങ്ങളാണെന്ന് വ്യക്തമാക്കിയില്ല. കുടൂതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ട്. എൽ.ഡി.എഫിൽ സീറ്റ് ചർച്ച ആരംഭിക്കുമ്പോൾ ആവശ്യം ഉന്നയിക്കും.
യു.ഡി.എഫിലേക്കില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലേക്ക് നേതാക്കൾ ക്ഷണിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ആ ക്ഷണം തള്ളുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു. എൽ.ഡി.എഫിൽ കുടുംബാന്തരീക്ഷമാണ്. ആരും പിന്നിൽനിന്ന് കുത്തുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം, അകലക്കുന്നം പ്രദേശങ്ങളിലെ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ജോസ് കെ. മാണി പ്രതികരണത്തിന് തയാറായില്ല. വിവാദവിഷയങ്ങൾ മാധ്യമപ്രവർത്തകർ പലവട്ടം ഉയർത്തിയെങ്കിലും അദ്ദേഹം മൗനം പാലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.