വി.സിയും പ്രിന്‍സിപ്പലുമാരുമില്ല; ഉന്നതവിദ്യാഭ്യാസം ഈജിയന്‍ തൊഴുത്തായെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ വി.സിമാരും കോളജുകളില്‍ പ്രിന്‍സിപ്പലുമാരുമില്ലാത്ത 'ഈജിയന്‍ തൊഴുത്താക്കി' കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണറും ചേര്‍ന്ന് തകര്‍ത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സി.പി.എമ്മിനു താല്പര്യമുള്ള കുഴിയാനകളെ സര്‍വകലാശാലകളില്‍ വി.സിമാരായും സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പലുമാരായും നിയമിക്കാനാകുന്നില്ല. ഇന്‍ ചാര്‍ജ് ഭരണത്തില്‍ സര്‍വകലാശാലകളും കോളജുകളും സമ്പൂര്‍ണ സ്തംഭനത്തിലാണെന്നും സുധാകരൻ പറഞ്ഞു.

പതിനായിരക്കണക്കിന് കുട്ടികള്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയും തലയിലേറ്റി പലായനം ചെയ്യുന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയവത്കരണത്തില്‍ മനംമടുത്താണ്. സി.പി.എമ്മിന്റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ ഉന്നത വിദ്യാഭ്യാസമന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു തെളിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയും ഗവര്‍ണറും ഈ തകര്‍ച്ചയിലെ കൂട്ടുപ്രതികളാണെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. കേരള, കെ.ടി.യു, കാര്‍ഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമ, സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാതായിട്ട് മാസങ്ങളായി. മലയാളം സര്‍വകലാശാലാ വി.സി ഫെബ്രുവരി 28ന് വിരമിച്ചപ്പോള്‍ കുസാറ്റ്, എം.ജി വി.സിമാര്‍ ഉടനെ വിരമിക്കും. സ്വന്തം നിയമനത്തില്‍ ആക്ഷേപം കേട്ട കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍നിയമനം സംബന്ധിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കാലിക്കറ്റ്, സംസ്‌കൃതം, ഓപ്പണ്‍ ഡിജിറ്റല്‍ സര്‍വകലാശാല വി.സിമാര്‍ക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

സര്‍ക്കാര്‍ കോളജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. തുടര്‍ന്ന് 43 പ്രിന്‍സിപ്പലുമാരെ നിയമിക്കുവാനുള്ള പട്ടികയ്ക്ക് ആറുമാസം മുന്‍പ് പി.എസ്.സി അംഗീകാരം നല്‍കി. എന്നാല്‍, ഇടത് അധ്യാപക സംഘടനാനേതാക്കള്‍ ഇല്ലാത്തതുകൊണ്ട് പട്ടികയ്ക്ക് മന്ത്രി അംഗീകാരം നല്‍കിയില്ല. 66 ഗവണ്‍മെന്റ് കോളജിലും ഇപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍മാരുടെ ചുമതല നല്‍കിയിരിക്കുകയാണ്.

പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനങ്ങളുമെല്ലാം വൈകുന്നതുമൂലം മനംമടുത്ത വിദ്യാർഥികള്‍ പ്രവേശനം തേടി കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികളിലേയ്ക്ക് പലായനം ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ അലങ്കോലമാക്കിയ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കേരളം മാപ്പുനല്കില്ലെന്നു സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - No VCs and principals: Higher education is the Aegean stable, says K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.