പാലക്കാട്: ദിവസങ്ങൾക്കകം ബുക്കിങ് നിറഞ്ഞുകവിഞ്ഞ് ജില്ലയിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജുകൾ. രണ്ടു ദിവസം മുമ്പ് പത്രകുറിപ്പിറക്കിയ അവധിക്കാല പാക്കേജുകളിലാണ് ബുക്കിങ് തീർന്നത്. സെപ്റ്റംബർ മാസത്തിലെ എല്ലാ പാക്കേജ് ട്രിപ്പുകളും ബുക്കിങ് പൂർത്തിയാക്കി.
തിങ്കളാഴ്ചവരെയുള്ളതിൽ എട്ടിനുള്ള നെല്ലിയാമ്പതി പാക്കേജിലും 14ാം തീയതിയിലുള്ള മലക്കപ്പാറ പാക്കേജിലും മാത്രമാണ് ഏതാനും സീറ്റുകളുള്ളത്. ഓണക്കാലമായതിനാൽ ബസുകളുടെയും തൊഴിലാളികളുടെയും കുറവ് കൂടുതൽ സർവിസുകൾ ഏർപ്പെടുത്താൻ തടസ്സമുള്ളതായി അധികൃതർ പറഞ്ഞു. സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ഉഴലുമ്പോഴും കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തെ ജനങ്ങൾ നെഞ്ചോടു ചേർക്കുന്നു എന്നതിന് തെളിവാണ് ബുക്കിങ്ങ് തീർന്നതിലൂടെ വ്യക്തമാവുന്നത്.
ഡീലക്സ് ബസുകളും സൂപ്പർഫാസ്റ്റ് ബസുകളുമാണ് പൊതുവേ വിനോദയാത്രകൾക്ക് ഉപയോഗിക്കുന്നത്. പാലക്കാട് ഡിപ്പോയിൽ ആകെ ഒരു ഡീലക്സ് ബസ് മാത്രമാണുള്ളത്. ഓണക്കാലമായതിനാൽ അതുതന്നെ ബംഗളൂരു സ്പെഷൽ ട്രിപ്പിന് എറണാകുളം ഡിപ്പോക്ക് വിട്ടുനൽകാനും ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടു ദിവസം നീളുന്ന കോട്ടയം ചങ്ങനാശ്ശേരിയിലുള്ള പഞ്ചപാണ്ഡവക്ഷേത്രത്തിലേക്കും ഒപ്പം ആറൻമുള വള്ളസദ്യ കഴിക്കാനുമുള്ള യാത്രക്കാണ് ഏറ്റവും കൂടുതൽ ബുക്കിങ് ഉള്ളത്.
ഒക്ടോബർ രണ്ടിനേ ഇനി ആ യാത്രയിൽ സീറ്റൊഴിവുള്ളൂ. സദ്യക്കുള്ള സ്ലോട്ട് കിട്ടാനുള്ള താമസവും യാത്രയെ ബാധിക്കുന്നതായി അധികൃതർ പറഞ്ഞു. 400പേരുടെ മൂന്ന് സ്ലോട്ടുകളാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. മലപ്പുറം ഡിപ്പോയിൽനിന്ന് കുറച്ച് സീറ്റുകൾ പാലക്കാടിന് അനുവദിച്ചതിനാലാണ് ഒക്ടോബർ രണ്ടിന് കുറച്ചുപേർക്കുകൂടി ആറൻമുള യാത്രക്കുള്ള അവസരം ലഭിക്കാൻ വഴിവെച്ചത്. ഈ യാത്രക്ക് ഡീലക്സ് ബസിന് 1999 രൂപയും സൂപ്പർഫാസ്റ്റ് ബസിന് 1680 രൂപയുമാണ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.