പ്രവാസി ​വോട്ടർമാർ കൂടുതൽ കോഴിക്കോട്; കുറവ് ഇടുക്കിയിൽ

കോഴിക്കോട്: ഇക്കുറി സംസ്ഥാനത്ത് ഒരുലക്ഷത്തോളം പ്രവാസി ​വോട്ടർമാർ. ഇവരിൽ കൂടുതൽ പേരും കോഴിക്കോട്ടുകാരാണ്. തെരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോഴേക്ക് പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള നീക്കമാണ് വിവിധ പാർട്ടികൾക്കുകീഴിലെ പ്രവാസി സംഘടനകൾ നടത്തുന്നത്. മുൻ വർഷങ്ങളിലെ പോലെ പ്രത്യേക വിമാനം ഏർ​പ്പെടുത്തി വോട്ടർമാരെ നാട്ടിലെത്തിക്കാനും ആലോചനയുണ്ട്. ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള, മുസ്‍ലിം ലീഗിന്റെ ​പ്രവാസി സംഘടനയായ കെ.എം.സി.സിയു​ടെ നേതൃത്വത്തിൽ വിമാനങ്ങൾ ചാർട്ടർ ചെയ്ത് വോട്ടർമാരെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു.

വിവിധ പാർട്ടികളോട് അനുഭാവമുള്ള സംഘടനകളായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, കേളി, നവോദയ, പ്രതിഭ, സംസ്കൃതി, നവഭാരത് അടക്കമുള്ളവയും പ്രവാസികളെ എങ്ങനെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അതിനിടെ വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഗർഫ് നാടുകളിൽപോയി പ്രവാസികളോട് നേരിട്ട് വോട്ടഭ്യർഥിച്ചു. പല സ്ഥാനാർഥികളും പ്രവാസികളെ നേരിട്ട് വിഡിയോ കാൾ ​ചെയ്ത് നാട്ടിലെത്തി വോട്ട്​ ചെയ്യാനാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആകെയുള്ള 89,839 പ്രവാസി വോട്ടർമാരിൽ 83,765 പേർ പുരുഷന്മാരും 6,065 പേർ സ്ത്രീകളും ഒമ്പതുപേർ ട്രാൻസ്ജെൻഡേഴ്സുമാണ്. കോഴിക്കോട്ടുകാർ 35,793 പേർ. തൊട്ടുപിന്നിലുള്ള മലപ്പുറത്തും കണ്ണൂരിലും യഥാക്രമം 15,121ഉം 12,876ഉം പ്രവാസി വോട്ടർമാരാണുള്ളത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 325 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്. 

Tags:    
News Summary - Non-resident voters more in Kozhikode; Less in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.