നോർക്ക-യു.കെ കരിയർ ഫെയർ: സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാർ യു.കെ യിലേക്ക്

തിരുവനന്തപുരം : നോർക്ക യു.കെ കരിയർ ഫെയറിന്റെ ആദ്യഘട്ട റിക്രുൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ ആദ്യസംഘത്തിന് യു.കെയിലേക്കുള്ള വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കൈമാറി. രാവിലെ 10.30 ന് തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിലാണ് ടിക്കറ്റുകൾ കൈമാറിയത്. ആദ്യസംഘം ജൂൺ 19 ന് കൊച്ചിയിൽ നിന്നും ദോഹ വഴി യു.കെ യിലേക്ക് യാത്രതിരിക്കും.

ലക്ഷങ്ങൾ ചെലവുവരുന്നതും സ്വകാര്യറിക്രൂട്ടിങ് ഏജൻസികളുടെ ചൂഷണത്തിന് വിധേയമാകുന്നതുമായിരുന്നു യു. കെ യിലേയ്ക്കുളള സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ റിക്രൂട്ട്മെന്റ്. അവിടെയാണ് പൂർണമായും സൗജന്യവും വ്യവസ്ഥാപിതവുമായ രീതിയിൽ നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് സാധ്യമായതെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇത് നോർക്ക റൂട്ട്സിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേബാ മറിയം സണ്ണി, ലിസ ചിന്നമ്മ ലീലാംബിക, അര്‍ച്ചന ബേബി, ഹെന്ന രാജന്‍, സൂരജ് ദയാനന്ദന്‍ എന്നിവരാണ് യു.കെ യിലേക്ക് തിരിക്കുന്ന ആദ്യ സംഘത്തിലെ സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാർ. ടിക്കറ്റ് കൈമാറ്റ ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി.കെ, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുൾപ്പെടെ ആരോഗ്യ, സാമൂഹികസുരക്ഷാ മേഖലയിലെ 13 വ്യത്യസ്ത വിഭാഗങ്ങളിലേയ്ക്കായിരുന്നു കരിയർ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റ്. ഇതിൽ നഴ്സുമാരുടെ ആദ്യസംഘം ഇതിനോടകം യു.കെ യിലെത്തിയിട്ടുണ്ട്.

Tags:    
News Summary - NORCA-UK Career Fair: Senior Support Workers to the UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.