മതിയായ അംഗബലമില്ല; ജോലിഭാരവും, ആക്രമണവും, പൊലീസ്​ സേനയിൽ കടുത്ത അതൃപ്തി

കോട്ടയം: മതിയായ അംഗബലം ഇല്ലാതെ ജോലിഭാരം വർധിച്ചതും അവധി പോലും ലഭിക്കാത്തതും നേരെയുള്ള ആക്രമണങ്ങളിലും പൊലീസ്​സേനയിൽ കടുത്ത അതൃപ്തി. പ്രതിഷേധങ്ങളോട്​ സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളിലും കടുത്ത അമർഷം പുകയുകയാണ്​.

മുഖ്യമന്ത്രിയുടെ നേതൃത്വം നൽകുന്ന നവകേരള സദസ്സ്​​, ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാനെതിരായ പ്രതിഷേധങ്ങളും വലയ്ക്കുന്ന ഗവർണറുടെ അപ്രതീക്ഷിത സന്ദർശനങ്ങളും, ശബരിമലതീർഥാടനം, പ്രതിഷേധങ്ങൾ എല്ലാം മൂലം ദിവസങ്ങളായി ജോലിഭാരത്തിൽ വലയുകയാണ്​ പൊലീസുകാർ​. അതിന്​ പുറമെയാണ്​ പൊലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളും.

പൊലീസുകാർക്ക്​ പരിക്കേൽക്കുന്ന സാഹചര്യമുണ്ടായിട്ടും അതിന്​ തടയിടാൻ ശക്​തമായ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും പൊലീസുകാർ ഉന്നയിക്കുന്നു. അവധി പോലും ലഭിക്കാതെ ദിവസങ്ങളോളം ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും ഈ വിഷയത്തിൽ അസോസിയേഷനുകളുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും സേനാംഗങ്ങൾ ഉന്നയിക്കുന്നു.

നവകേരള സദസ്സ്​​ ആരംഭിച്ചത്​ മുതൽ പൊലീസുകാരുടെ നട്ടെല്ലൊടിയുകയാണ്​. മിക്ക ജില്ലകളിലും ആവശ്യത്തിനുള്ള അംഗബലം സേനയിലില്ല. ഓരോ ജില്ലകളിലും സദസ്സ്​ നടക്കുമ്പോഴും അടുത്ത ജില്ലകളിൽ അതുമായി ബന്​ധപ്പെട്ട സുരക്ഷാ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു പൊലീസുകാർ. ക്യാമ്പുകളിൽ നിന്നുള്ള പൊലീസുകാരെ പല ജില്ലകളിലായാണ്​ വിന്യസിപ്പിച്ചത്​.

ഇവർക്ക്​ കൃത്യമായ അവധി ​പോലും ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. എസ്​.എച്ച്​.ഒമാർ ഉൾപ്പെടെ സ്​റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരും ദിവസങ്ങളായി തിരക്കിലാണ്​. ഓഫ്​ പോലും എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും പൊലീസുകാർ പരാതിപ്പെടുന്നു. നവകേരള സദസ്സിൽ പ​ങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന വഴിയിലുണ്ടായേക്കാവുന്ന പ്രതിഷേധങ്ങൾ തടയുന്നതിന്​ പൊലീസ്​ ഏറെ പ്രയാസപ്പെടുന്ന കാഴ്ചയാണ്​ എങ്ങും കണ്ടുവരുന്നത്​. സദസ്സ്​ നടക്കുന്ന ഇടങ്ങളിലെ സുരക്ഷ ഒരുക്കുന്ന ജോലി വേറെയും.

അതിന്​ പുറമെയാണ്​ ഗവർണറും എസ്​.എഫ്​.ഐയും തമ്മിലുള്ള പ്രശ്നങ്ങളും പ്രതിഷേധങ്ങളും. ഗവർണറുടെയും രാജ്​ഭവന്‍റെയും സുരക്ഷ വർധിപ്പിച്ചതും പൊലീസിന്‍റെ ജോലിയാണ്​ കൂട്ടിയത്​. അതിന്​ പുറമെയാണ്​ ശബരിമല തീർഥാടനത്തോടനുബന്​ധിച്ച സുരക്ഷ ഒരുക്കുന്നതുൾപ്പെടെ ജോലിയും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പൊലീസുകാർ ദിവസങ്ങളായി ശബരിമല തീർഥാടനവുമായി ബന്​ധപ്പെട്ട തിരക്കിലാണ്​.

അതിന്​ പുറമെയാണ്​ ക്രമസമാധാന പരിപാലനം, കേസന്വേഷണം ഉൾപ്പെടെ കാര്യങ്ങളും. ഈ ജോലിക്കിടയിൽ ആക്രമിക്കപ്പെടുന്നതിലും പൊലീസുകാർ കടുത്ത അസംതൃപ്തരാണ്​. ബുധനാഴ്ച കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന പൊലീസ്​ സ്​റ്റേഷൻ, സെക്രട്ടേറിയറ്റ്​ മാർച്ചുകളിൽ പൊലീസുകാർ ആക്രമിക്കപ്പെട്ടെന്നും എന്നാൽ ശക്​തമായ നടപടി സ്വീകരിക്കാൻ പൊലീസിന്​ കഴിയാത്തത്​ സേനാംഗങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയേയുള്ളൂയെന്നും സേനാംഗങ്ങൾ പറയുന്നു. അതിന്‍റെ പ്രതിഫലനമാണ്​ കഴിഞ്ഞദിവസം നടന്ന കെ.എസ്​.യുവിന്‍റെ ഡി.ജി.പി ഓഫീസ്​ മാർച്ചിന്​ നേരെ പൊലീസിൽ നിന്നും കണ്ടതും.

വരും ദിവസങ്ങളിൽ പൊലീസിന്‍റെ ജോലിഭാരം വർധിപ്പിക്കുന്നതും നിർണായകവുമാണെന്നാണ്​ ​അവരുടെ വിലയിരുത്തൽ. എന്നാൽ ഭരണാനുകൂലികളോടും പ്രതിപക്ഷത്തോടും കൈക്കൊള്ളുന്ന സമീപനത്തിലെ വൈരുദ്ധ്യത്തിൽ സേനാംഗങ്ങളും അതൃപ്തരാണ്​. ഭരണപക്ഷാനുകൂല സംഘടനാ നേതാക്കൾ അസഭ്യം ഉൾപ്പെടെ പറഞ്ഞിട്ടും അത്​ കേട്ട്​ നിൽക്കേണ്ടിവരുന്ന സംഭവങ്ങളിലും ഒരു വിഭാഗം ക്ഷുഭിതരാണ്​. നവകേരള സദസ്സ്​ സമാപനത്തിലേക്ക്​ എത്തുമ്പോൾ കൂടുതൽ അനിഷ്ട സംഭവങ്ങളിലേക്ക്​ കടക്കുമോയെന്ന ആശങ്കയും പൊലീസുകാർക്കുണ്ട്​.


Tags:    
News Summary - not having enough manpower; Work load, assault, severe dissatisfaction with the police force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.